മുംബൈ: ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റുകളാകാൻ ഇന്ന് മഹാരാഷ്ട്ര ടീമുകൾ ഏറ്റുമുട്ടുന്നു. ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസും രണ്ടാം സ്ഥാനക്കാരായ പുണെ സൂപ്പർ ജയന്റ്സും തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുക. ജയിക്കുന്നവർക്ക് രണ്ടിന് നടക്കുന്ന ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. പരാജയപ്പെടുന്നവർക്ക് കൊൽക്കത്ത-ഹൈദരാബാദ് എലിമിനേറ്ററിൽ വിജയിക്കുന്നവരുമായി അടുത്ത ക്വാളിഫയറിൽ മത്സരിക്കാം.

ടൂർണമെന്റിലുടനീളം ആധികാരികമായ പ്രകടനവുമായാണ് രോഹിത് ശർമയും കൂട്ടരും പ്ലേഓഫിൽ ആദ്യ സ്ഥാനത്ത് ഇടം പിടിച്ചത്. 14 കളികളിൽ പത്തിലും ജയിക്കാനും ബ്ലൂ ആർമിക്ക് സാധിച്ചിരുന്നു. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നു എന്നതും മുംബൈക്ക് അനുകൂല ഘടകമാണ്. വാങ്കഡേയിലെ ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ കരുത്തുറ്റ ബാറ്റിങ് നിരയുള്ള മുംബൈ ഇന്ത്യൻസ് റൺ മഴ പെയ്യിക്കുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. കീറോൺ പൊള്ളാർഡ്, പാർത്ഥിവ് പട്ടേൽ, നിതീഷ് റാണ, രോഹിത് ശർമ എന്നീ മുംബൈ ബാറ്റ്സ്മാൻമാർ സ്ഥിരതയാർന്ന പ്രകടനമാണ് ടൂർണമെന്റിലുടനീളം പുറത്തെടുത്തത്. ടീം രണ്ട് തവണയാണ് 200 റൺസിന് മുകളിൽ സ്കോർ ചെയ്തത് എന്നത് മുംബൈ ബാറ്റിങ് നിരയുടെ ശക്തി വിളിച്ചോതുന്നതാണ്. എന്നാൽ ജസ്പ്രീത് ബുംറയൊഴികെയുള്ള മുംബൈ ബാറ്റ്സ്മാൻമാർ പ്രതീക്ഷക്കൊത്ത് ഉയരാത്തത് മുംബൈക്കാർക്ക് തലവേദനയാകും.

അതേസമയം, അവസാന ലാപ്പിലെ ഉജ്ജ്വല കുതിപ്പിലൂടെയാണ് പുണെ സൂപ്പർജയന്റ്സ് ലീഗ് മത്സരങ്ങളിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അവസാന ലീഗ് മത്സരത്തിൽ പഞ്ചാബിനെ ഒൻപത് വിക്കറ്റിന് തകർത്തത് പുണെക്ക് ആത്മവിശ്വാസമേറ്റും. 14 മത്സരങ്ങളിൽ നിന്ന് ഒൻപതു ജയവുമായി 18 പോയിന്റായിരുന്നു പുണെയുടെ സന്പാദ്യം. ലീഗ് മത്സരങ്ങളിൽ രണ്ട് തവവണ ഏറ്റുമുട്ടിയപ്പോഴും മുംബൈയെ തകർക്കാനായെന്നതും സ്റ്റീവൻ സ്മിത്തിനും സംഘത്തിനും പ്ലസ് പോയിന്റാണ്. ബോളിങ് നിരയിൽ ജയദേവ് ഉനദ്കട്, ശർദുൽ ഠാക്കൂർ, ഡാൻ ക്രിസ്റ്റ്യൽ എന്നിവരും നായകൻ സ്റ്റീവൻ സ്മിത്ത്, രാഹുൽ ത്രിപാദി, അജിങ്ക്യ രഹാനെ എന്നീ ബാറ്റ്സ്മാൻമാരും ഉജ്ജ്വല പ്രകടനമാണ് പുണെക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ