ക്രിക്കറ്റ്‌പ്രേമികളിൽ ആവേശം നിറച്ച ഇന്ത്യൻ പ്രീമിയർ ലീഗിന് അവസാനമായി. അടുത്ത ഐപിഎൽ പൂരത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. കലാശക്കൊട്ടിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി മുംബെെ ഇന്ത്യൻസ് കിരീടം ചൂടി. ഐപിഎൽ ചരിത്രത്തിലെ അഞ്ചാം കിരീടവും തുടർച്ചയായുള്ള രണ്ടാം കിരീടവുമാണ് മുംബെെ ഇന്ത്യൻസ് ഇന്നലെ സ്വന്തമാക്കിയത്.

കിരീടനേട്ടത്തിന്റെ സന്തോഷത്തിലാണ് മുംബെെ ടീം അംഗങ്ങൾ. മത്സരശേഷം താരങ്ങളുടെ ആഹ്ളാദപ്രകടനം എല്ലാവരും കണ്ടതാണ്. ടീം അംഗങ്ങൾ മാത്രമല്ല മുംബെെ ഇന്ത്യൻ ടീം ഉടമ നിത അംബാനിയും വലിയ സന്തോഷത്തിലായിരുന്നു. മത്സരശേഷം കളിക്കളത്തിൽ ഓടിനടന്ന് തന്റെ പ്രിയതാരങ്ങളെ നിത അഭിനന്ദിച്ചു. അതിനിടയിൽ രസകരമായ ഒരു സംഭവമുണ്ടായി.

മത്സരശേഷം താരങ്ങളുടെ അഭിമുഖം നടക്കുന്നതിലേക്ക് സന്തോഷത്താൽ മതിമറന്ന് നിത അംബാനി ഓടിയെത്തുകയായിരുന്നു. ക്വിന്റൺ ഡി കോക്ക്, നഥാൻ കോൾട്ടർ-നൈല്‍ എന്നീ താരങ്ങളായിരുന്നു അഭിമുഖത്തിൽ സംസാരിച്ചിരുന്നത്. എന്നാൽ, അഭിമുഖമാണ് നടക്കുന്നതെന്ന് നിത അംബാനിക്ക് അറിയില്ലായിരുന്നു. ‘ക്വിന്റൺ..,അഭിനന്ദനങ്ങൾ’ എന്നു പറഞ്ഞുകൊണ്ട് നിത ഓടിയെത്തി.

ക്വിന്റൺ ഡി കോക്കിന് കൈ കൊടുത്ത ശേഷമാണ് താരങ്ങൾ അഭിമുഖത്തിൽ സംസാരിക്കുകയാണെന്ന് നിത തിരിച്ചറിഞ്ഞത്. ‘നിങ്ങൾ അഭിമുഖത്തിനിടയിലാണോ?’ എന്നു നിത ചോദിക്കുന്നു, ‘അതെ’ എന്ന് ഡി കോക്ക് മറുപടി നൽകുന്നു. അപ്പോഴാണ് തനിക്ക് അമളിപറ്റിയത് നിത തിരിച്ചറിഞ്ഞത്. നിത ഉടൻ സ്‌ക്രീനിൽ നിന്ന് മാറാൻ ശ്രമിച്ചു. ഡി കോക്കും കോൾട്ടർ നൈലും ഇത് കണ്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി. നിതയെ സ്‌നേഹത്തോടെ അഭിമുഖത്തിൽ നിൽക്കാൻ ഡി കോക്ക് ക്ഷണിക്കുന്നതും വീഡിയോയിൽ കാണാം.

ഐപിഎൽ ഫെെനലിൽ ഡൽഹി ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റും എട്ട് പന്തും ബാക്കി നിൽക്കെ മുംബൈ മറികടക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ വെടിക്കെട്ട് തുടക്കമാണ് നായകൻ രോഹിതും ക്വിന്റൻ ഡി കോക്കും മുംബൈക്ക് നൽകിയത്. 45 റൺസിൽ ഡി കോക്കിനെ നഷ്ടമായെങ്കിലും സൂര്യകുമാർ യാദവിനൊപ്പം ചേർന്ന് രോഹിത് മുംബൈയെ വിജയ തീരത്തേക്ക് നയിച്ചു. 19 റൺസെടുത്ത സൂര്യകുമാർ പുറത്തായതോടെ ഇഷാൻ കിഷൻ നായകനൊപ്പം ചേർന്നു.

Read Also: വിശ്വസ്തനായ പോരാളി; നായകനായി സ്വന്തം വിക്കറ്റ് വലിച്ചെറിഞ്ഞ് സൂര്യകുമാർ

51 പന്തിൽ 68 റൺസെടുത്ത രോഹിത് പുറത്താകുമ്പോഴേക്കും മുംബൈ വിജയം ഉറപ്പിച്ചിരുന്നു. 18-ാം ഓവറിൽ പൊള്ളാർഡിനെ പുറത്താക്കിയ റബാഡ ഡൽഹിക്ക് പ്രതീക്ഷ നൽകിയെങ്കിലും 35 റൺസ് നേടിയ ഇഷാൻ മുംബൈയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. അഞ്ചാം കിരീടത്തിലേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook