ഹൈദ്രബാദ്: ഐപിഎൽ കിരീടം മുംബൈ ഇന്ത്യൻസിന് . കലാശക്കളിയിൽ പൂണെ സൂപ്പർ ജയന്റ്സിനെ 1 റൺസിന് പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം ഉയർത്തിയത്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ മുംബൈ ഉയർത്തിയ 130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പൂണെയ്ക്ക് 128 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.
സ്കോർ – മുംബൈ ഇന്ത്യൻസ് ( 129/8), പൂണെ സൂപ്പർ ജയന്റ്സ് (128/6)

അവസാന പന്ത് വരെ ആവേശ നിറഞ്ഞു നിന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ ബോളർമാരാണ് വിജയം ഒരുക്കിയത്. 11 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ആദ്യ പന്ത് സ്മിത്ത് അതിർത്തി കടത്തിയെങ്കിലും മിച്ചൽ ജോൺസൺ ശക്തമായി തിരിച്ചു വരികയായിരുന്നു. അടുത്തടുത്ത പന്തുകളിൽ സ്റ്റീഫൻ സ്മിത്തിനേയും, മനോജ് തിവാരിയെയും വീഴ്ത്തി ജോൺസൺ മുംബൈയെ വിജയത്തോട് അടുപ്പിച്ചു. അവസാന പന്തിൽ പൂണെയ്ക്ക് വേണ്ടിയിരുന്നത് 4 റൺസ് എന്നാൽ 2 റൺസ് മാത്രമെ ഡാനിയൽ ക്രിസ്റ്റ്യന് നേടാനായുള്ളു. മത്സരം സമനിലയിലാക്കാൻ മൂന്നാം റൺസിനായി ഓടിയെങ്കിലും ഡാനിയൽ ക്രിസ്റ്റ്യന് റണ്ണൗട്ടാവുകയായിരുന്നു.

ഒരറ്റത്ത് വിക്കറ്റുകൾ നിരന്തരം വീണിട്ടും 47 റൺസ് എടുത്ത് മുംബൈയെ 100 റൺസ് കടത്തിയ കൃണാൽ പാണ്ഡ്യയാണ് കളിയിലെ താരം. മുംബൈ നിരയിൽ 38 പന്തിൽ 47 റൺസ് എടുത്ത കൃണാൽ പാണ്ഡ്യക്ക് മാത്രമാണ് പിടിച്ചു നിൽക്കാനായത്. 24 റൺസ് എടുക്കാനെ നായകൻ രോഹിത് ശർമ്മയ്ക്ക് കഴിഞ്ഞുള്ളു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജയദേവ് ഉനാദ്കഡ്, ആദം സാമ്പ, ഡാനിയൽ ക്രിസ്റ്റ്യൻ എന്നിവരാണ് മുംബൈയ്ക്ക് വിജയം ഒരുക്കിയത്.


മുംബൈയുടെ സ്കോർ പൂണെ അനായാസം മറികടക്കുമെന്നാണ് തോന്നിച്ചത്. എന്നാൽ ത്രിപാടിയുടെ വിക്കറ്റ് ബൂംറെ വീഴ്ത്തിയതോടെ പൂണെ പതറി. പിന്നീട് ഒന്നിച്ച അജിൻകെ രഹാനെയും സ്റ്റീഫൻ സ്മിത്തും പൂണെയെ തകരാതെ കാത്തു. പക്ഷെ റൺസ് വഴങ്ങുന്നതിൽ പിശുക്കുകാട്ടി മുംബൈ ബോളർമാർ പൂണെയുടെ റണ്ണൊഴുക്ക് തടഞ്ഞു. അവസാന ഓവറുകളിൽ റൺ റേറ്റ് ഉയർത്താൻ ശ്രമിക്കുന്നതിനിടെ രഹാനയും ധോണിയും മടങ്ങിയതോടെ പൂണെ പ്രതിസന്ധിയിലാവുകയായിരുന്നു. അവസാന ഓവറിൽ സ്മിത്തിനേയും മനോജ് തിവാരിയേയും വീഴ്തത്തി മിച്ചൽ ജോൺസൺ മുംബൈക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ