പെർത്ത്: പെർത്തിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയെങ്കിലും ഇന്ത്യക്ക്മേൽ മികച്ച വിജയലക്ഷ്യം കുറിക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചില്ല. നാല് വിക്കറ്റ് നഷടത്തിൽ 175 റൺസ് എന്ന ശക്തമായ നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയ ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ 243 റൺസിന് കീഴടങ്ങുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ഓസ്ട്രേലിയയെ ചുരുട്ടിക്കെട്ടിയത്.

ആറ് വിക്കറ്റ് നേട്ടത്തോടെ മറ്റൊരു റെക്കോർഡ് കൂടി ഷമി തന്റെ പേരിൽ കുറിച്ചു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ പേസര്‍ എന്ന റെക്കോര്‍ഡ‍ാണ് ഷമി സ്വന്തം പേരിലാക്കിയത്. പെർത്തിൽ ആറ് ഓസ്ട്രേലിയൻ താരങ്ങളെ മടക്കിയതോടെ ഈ വർഷം ആകെ ഷമി വീഴ്ത്തിയ വിക്കറ്റുകളുടെ എണ്ണം 44 ആയി.

ഈ വർഷം കളിച്ച 11 മത്സരങ്ങളിൽ നിന്നാണ് മുഹമ്മദ് ഷമി 44 വിക്കറ്റുകൾ വീഴ്ത്തിയത്. ഈ വർഷം തന്നെ 39 വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുംറയാണ് ഷമിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്. പെർത്തിലെ വിക്കറ്റ് നേട്ടമാണ് ബുംറയെയും മുന്നിലെത്തിച്ചത്. പെർത്തിൽ മൂന്ന് ഓസ്ട്രേലിയൻ താരങ്ങളെയാണ് ബുംറ പുറത്താക്കിയത്.

ഒരു കലണ്ടർ വർഷം 37 വിക്കറ്റുകളെടുത്ത വെങ്കിടേഷ് പ്രസാദിന്റെയും ജവഗൽ ശ്രീനാഥിന്റെയും റെക്കോർഡാണ് ഇരുവരും മറികടന്നത്. മൂന്നാം ദിനം രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷമി നാലാം ദിനം നാല് വിക്കറ്റുകൾ കൂടിയെടുക്കുകയായിരുന്നു. ആരോൺ ഫിഞ്ച്, ഉസ്മാൻ ഖ്വാജ, ഷോൺ മാർഷ്, ട്രാവിസ് ഹെഡ്, ടിം പെയ്ൻ, നഥാൻ ലിയോൺ എന്നിവരെയാണ് രണ്ടാം ഇന്നിങ്സിൽ ഷമി പുറത്താക്കിയത്.

കരിയറിലെ ഷമിയുടെ നാലാം അഞ്ച് വിക്കറ്റ് നേട്ടമാണ് പെർത്തിലേത്. ഇതിൽ രണ്ട് തവണയും ഓസ്ട്രേലിയക്കെതിരെയായിരുന്നു ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടമെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ഈ വർഷം 8 ടെസ്റ്റുകളിൽ നിന്ന് തന്നെ ഷമി 31 വിക്കറ്റുകൾ നേടിയിരുന്നു. അന്ന് എട്ട് മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന ഇന്ത്യൻ പേസറായി ഷമി മാറിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ