കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒഴിച്ചുകൂടാനാകാത്ത താരമാണ് പേസ് ബോളർ മുഹമ്മദ് ഷമി. ഓസ്ട്രേലിൻ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോഴും ഷമിയുടെ പ്രകടനം നിർണായകമായിരുന്നു. നാപിയറിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിലും ഇന്ത്യക്ക് മേൽക്കൈ നൽകിയിരിക്കുകയാണ് താരം. ന്യുസിലൻഡിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ രണ്ട് താരങ്ങളെയും പുറത്താക്കികൊണ്ടായിരുന്നു ഷമി കിവികൾക്ക് ആദ്യ പ്രഹരം നൽകിയത്.

മത്സരത്തിൽ ഷമി വിക്കറ്റ് വേട്ടയിൽ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. ഏകദിന ക്രിക്കറ്റിൽ അതിവേഗം നൂറ് വിക്കറ്റ് നേട്ടത്തിലെത്തുന്ന ഇന്ത്യൻ താരമായും മുഹമ്മദ് ഷമി മാറി. 56 ഏകദിന മത്സരങ്ങളിൽ നിന്നുമാണ് താരം നൂറ് വിക്കറ്റ് തികച്ചത്. 59 ഇന്നിങ്സിൽ നിന്ന് നൂറ് വിക്കറ്റ് നേടിയ ഇർഫാൻ പത്താന്റെ റെക്കോർഡാണ് ഷമി മറി കടന്നത്.

ടീം സ്കോർ അഞ്ചിൽ നിൽക്കെ അഞ്ച് റൺസ് തന്നെയെടുത്ത മാർട്ടിൻ ഗുപ്റ്റിലിനെ പുറത്താക്കിയായിരുന്നു ഷമി ഇന്ന് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ എട്ട് റൺസെടുത്ത കോളിൻ മുൻറോയെയും ഷമി പുറത്താക്കി.

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ മത്സരത്തിൽ ആതിഥേയർക്ക് ബാറ്റിങ് തകർച്ച. ടീം സ്കോർ 107 ൽ എത്തിയപ്പോഴെക്കും അഞ്ച് മുൻ നിര താരങ്ങളെ കിവികൾക്ക് നഷ്ടമായി. തുടക്കത്തിൽ തന്നെ ഓപ്പണർമാരെ രണ്ട്പേരെയും മടക്കി മുഹമ്മദ് ഷമി കളി ഇന്ത്യൻ വരുതിയിലാക്കുകയായിരുന്നു. യുസ്‍വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ കേദാർ ജാദവിനാണ് ഒരു വിക്കറ്റ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ