ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പകരം വയ്ക്കാനില്ലാത്ത കുതിപ്പുമായി മുഹമ്മദ് സലാഹിന്റെ റെക്കോര്‍ഡ് പ്രകടനം. പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ച സലാഹ് സീസണില്‍ നേടിയത് 32 ഗോളുകളാണ്. ആന്‍ഫീല്‍ഡില്‍ ബ്രൈറ്റണെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ തകര്‍ത്തപ്പോള്‍ അതില്‍ സലാഹിന്റെ 32-ാം പ്രീമിയര്‍ ലീഗ് ഗോളുമുണ്ടായിരുന്നു.
മികച്ച പ്രീമിയര്‍ ലീഗ് താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടും കളിയെഴുത്തുകാരുടെ ഫുട്ബോളര് ഓഫ് ദ ഇയര്‍ പുരസ്കാരവുമായാണ് ഈ 25 കാരന് സീസണ് അവസാനിപ്പിച്ചത്. 2017ല്‍ റോമയില്‍ നിന്നുമെത്തിയതുമുതലുള്ള കുതിപ്പ് ചരിത്രമായി മാറുന്ന കാഴ്ചയ്ക്കാണ് ആന്‍ഫീല്‍ഡ് സാക്ഷിയായത്.
അലന് ഷീറിന്റേയും (ബ്ലാക്ക്ബേണ്‍ 1995-96) ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും (മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2007-08) സുവാരസിന്റേയും (ലിവര്‍പൂള്‍ 2013-14) 31 പ്രീമിയര്‍ ലീഗ് ഗോളെന്ന റെക്കോര്‍ഡിനൊപ്പമായിരുന്നു കളിക്ക് ഇറങ്ങും മുമ്പ് സലാഹിന്റെ സ്ഥാനം. എന്നാല്‍ 26-ാം മിനിറ്റില്‍ തന്നെ ബ്രൈറ്റണിന്റെ പെനാല്‍റ്റി ഏരിയയില്‍ നിന്നും തൊടുത്ത ഇടങ്കാലന്‍ ഷോട്ട് വല ചലിപ്പിച്ചതോടെ സലാഹ് ഒറ്റയാനായി മാറി. 38 മൽസരങ്ങളുള്ള ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി സലാഹ് മാറി.
ഈ സീസണില്‍ മാത്രം ലിവര്‍പൂളിനായി എല്ലാ ടൂര്‍ണമെന്റില്‍ നിന്നുമായി 44 ഗോളുകള്‍ നേടിയിട്ടുണ്ട് സലാഹ്. സലാഹിനേക്കാള് കൂടുതല്‍ പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടിയത് ഷീററും ആന്‍ഡി കോളുമാണ്. 34 ഗോളുകള്‍. പക്ഷെ അത് 42 മൽസരങ്ങളുള്ള സീസണുകളില്‍ നിന്നുമാണ്. ക്രിസ്റ്റ്യാനോയും സുവാരസുമെല്ലാം 38 കളിയില്‍ നിന്നും 31 ഗോളുകള്‍ നേടിയ സമകാലികരായ താരങ്ങളാണ്.
അതേസമയം, ലിവര്‍പൂളിന്റെ കരുത്തിന് മുന്നില്‍ ബ്രൈറ്റണിന് മറുപടിയുണ്ടായിരുന്നില്ല. ലിവര്‍പൂളിനായി ഡാരന്‍ ലോവ്റണും ഡൊമിനിക് സൊളങ്കേയും ആന്‍ഡി റോബര്ട്ടണും കൂടി ഗോള്‍ കണ്ടെത്തിയതോടെ വിജയത്തിന്റെ മാറ്റ് കൂടുകയായിരുന്നു. ഇതോടെ സീസണില്‍ നാലാമതായി ഫിനിഷ് ചെയ്ത ലിവര്‍പൂള്‍ അടുത്ത ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും നേടി.