ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റിനെ ആരാധിക്കുന്ന ഔരു തലമുറയുടെ ആവേശമാണ് 15 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു മത്സരം. ആ കളിയിലെ ഒരു നിമിഷം അവരുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകില്ല, ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയിലിരുന്ന ദാദ തന്റെ ജഴ്‌സിയൂരി വീശിയ ആ നിമിഷം. ഇന്ത്യന്‍ നായകന് അന്ന് അങ്ങനെയൊരു ആഘോഷാവസരം ഒരുക്കികൊടുത്തത് രണ്ട് യുവതാരങ്ങളായിരുന്നു ,. മുഹമ്മദ് കൈഫും യുവരാജ് സിങ്ങും.

2002ല്‍ ഇതേദിവസാണ് ഇന്ത്യ നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ കീഴടക്കി കിരീടം നേടിയത്. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യ മറികടന്നത്.

വിജയലക്ഷ്യമായ 326 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയെ പുറത്താകാതെ 87 റണ്‍സെടുത്ത മുഹമ്മദ് കൈഫും, 69 റണ്‍സടിച്ച യുവരാജ് സിംഗുമാണ് ജയത്തിലെത്തിച്ചത്. 5 വിക്കറ്റിന് 146 റണ്‍സെന്ന നിലയില്‍ ഇന്ത്യ പതറിയശേഷമാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റിയത്. 43 പന്തില്‍ 60 റണ്‍സെടുത്ത നായകന്‍ സൗരവ് ഗാംഗുലിയുടെ ഇന്നിങ്ങ്സും നിര്‍ണായകമായി.

കൈഫ് വിജയ റണ്‍ സ്‌കോര്‍ ചെയ്തതോടെ സകല നിയന്ത്രണവും വിട്ട ഗാംഗുലി ജഴ്‌സിയൂരി ആകാശത്തേക്ക് വീശി. ഈ പ്രവൃത്തി തെറ്റായിരുന്നുവെന്ന് ഗാംഗുലി പിന്നീട് പറഞ്ഞെങ്കിലും ഇന്ത്യന്‍ ആരാധകര്‍ ആ നിമിഷത്തെ അഭിമാനത്തോടെയാണ് നെഞ്ചോട് ചേര്‍ത്തത്. ആ ഇന്നിങ്‌സോടെ കൈഫ് ഇന്ത്യയുടെ പുതിയ ഹീറോ ആയതിനൊപ്പം കളിയിലെ താരവുമായി.

ഇന്ന് ലോര്‍ഡ്‌സിലെ ആ ദിവസത്തിന് 15 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കൈഫ് ആരാധകരെ ഫ്ലാഷ്ബാക്കിലേക്ക് നയിക്കുകയാണ്. തന്റെ ട്വിറ്റര്‍ പേജിലെ ട്വീറ്റിലൂടെ. ‘ഞാനൊരു സ്വപ്‌നത്തിലാണ് ജീവിച്ചത്, എന്റെ ജീവിതകാലം മുഴുവനുണ്ടാകുന്ന ഒരു സ്വപ്‌നം. നാറ്റ്‌വെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച നിമിഷം’ കൈഫ് ട്വിറ്ററില്‍ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ