ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തിലും ആദ്യ ടി20യിലും ഇന്ത്യൻ ജയം ഒരുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ജഡേജ. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് 11 വർഷമായെങ്കിലും ഇപ്പോഴും താരത്തിന് അർഹിക്കുന്ന ബഹുമാനം ലഭിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മിന്നും പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. ആദ്യ രണ്ട് ഏകദിന മത്സരങ്ങളും പരാജയപ്പെട്ട് പരമ്പര അടിയറവ് പറഞ്ഞ ഇന്ത്യ മൂന്നാം മത്സരത്തിൽ ആശ്വാസ ജയം കണ്ടെത്തിയപ്പോൾ ഓസ്ട്രേലിയയ്ക്ക് മറികടക്കാൻ സാധിക്കാത്ത വിജയലക്ഷ്യം ഒരുക്കിയത് ആറാം വിക്കറ്റിൽ പാണ്ഡ്യയ്ക്കൊപ്പം ചേർന്ന് ജഡേജയായിരുന്നു. ടി20യിലും ജഡേജയുടെ ബാറ്റിന്റെ ചൂട് കങ്കാരുക്കൾ നന്നായി അറിഞ്ഞു.

“രണ്ട് മത്സരങ്ങൾകൊണ്ട് വൈറ്റ് ബോൾ ക്രിക്കറ്റിൽ താൻ എത്രത്തോളം ഇന്ത്യൻ ടീമിൽ വിലമതിക്കുന്നുവെന്ന് ജഡേജ കാണിച്ചു തന്നു. 11 വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തെ വിലകുറച്ച് കാണുന്നു. ഇപ്പോൾ ലഭിക്കുന്നതിലും ബഹുമാനം അദ്ദേഹം അർഹിക്കുന്നുണ്ട്. വൈകാതെ തന്നെ അദ്ദേഹത്തെ ഇന്ത്യൻ നഷ്ടപ്പെടുത്തുമെന്നും തോന്നുന്നു,” കൈഫ് ട്വീറ്റ് ചെയ്തു.

അതേസമയം ആദ്യ ടി20 മത്സരത്തിൽ ജഡേജ അടുത്ത രണ്ട് മത്സരങ്ങളിൽ കളിക്കില്ല. പരുക്കേറ്റ ജഡേജയ്‌ക്ക് കൂടുതൽ വിശ്രമം ആവശ്യമാണ്. ഇന്ത്യയ്‌ക്ക് വേണ്ടി 23 പന്തിൽ നിന്ന് പുറത്താകാതെ 44 റൺസ് നേടിയ ജഡേജയുടെ അഭാവം അടുത്ത രണ്ട് മത്സരങ്ങളിലും തിരിച്ചടിയായേക്കും.

മത്സരത്തിന്റെ 19-ാം ഓവറിലാണ് ജഡേജയ്‌ക്ക് പരുക്കേറ്റത്. ഓസീസ് താരം മിച്ചൽ സ്റ്റാർക് എറിഞ്ഞ പന്ത് ജഡേജയുടെ ഹെൽമറ്റിൽ തട്ടി. ഇതേ തുടർന്ന് താരത്തിന് കാഴ്‌ചയ്‌ക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. മറ്റൊരു ഓവറിൽ ജോ ഹെയ്‌സൽവുഡ് എറിഞ്ഞ പന്ത് ജഡേജയുടെ തുടയിൽ കൊണ്ടതും തിരിച്ചടിയായി. ഹാംസ്‌ട്രിങ് വേദന കാരണം ജഡേജ ഏറെ ബുദ്ധിമുട്ടിയാണ് ഇന്നിങ്‌സിന്റെ അവസാനം വരെ ബാറ്റ് ചെയ്തത്. ബാറ്റിങ്ങിന് ശേഷം ജഡേജ കളത്തിലിറങ്ങിയില്ല. ജഡേജയ്‌ക്ക് പകരം കൺകഷൻ സബ്‌സ്റ്റിറ്റ്യൂട്ടായി യുസ്‌വേന്ദ്ര ചഹലാണ് കളിക്കാനിറങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook