മെൽബൺ: കോമ്മൺവെൽത്ത് ഗെയിംസിൽ 400 മീറ്റർ ഫൈനലിലേക്ക് മലയാളി താരം മുഹമ്മദ് അനസ് യഹിയ യോഗ്യത നേടി. ഇന്നലെ നടന്ന സെമിഫൈനലിൽ ഹീറ്റ്സിൽ ഒന്നാമനായി ഫിനിഷ് ചെയ്‌ത അനസ് മിൽഖ സിംഗിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ അത്ലറ്റാണ്. കൊല്ലം നിലമേല്‍ സ്വദേശിയാണ് അനസ്.

സെമിഫൈനലിലെ മൂന്നാം ഹീറ്റ്‌സിൽ മത്സരിച്ച അനസ് 45.44 സെക്കന്റിൽ ഒന്നാമനായി ഓടിയെത്തി. 45.32 സെക്കന്റിൽ 400 മീറ്റർ ഫിനിഷ് ചെയ്‌ത അനസ് തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. 1958 ൽ കാർഡിഫിൽ നടന്ന കോമ്മൺവെൽത്ത് ഗെയിംസിലാണ് മിൽഖ സിംഗ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

400 മീറ്ററില്‍ ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടുളള അനസ് മിൽഖ സിംഗിനും കെഎം ബിനുവിനും ശേഷം ഈ നേട്ടം കൊയ്‌ത ആദ്യ ഇന്ത്യാക്കാരനുമാണ്. ഇന്ന് വൈകിട്ട് 5.15 നാണ് ഫൈനൽ മത്സരം. 45.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈക്കയുടെ റുഷന്‍ മക്‌ഡൊണാള്‍ഡ് ഫൈനലിൽ അനസിന് വെല്ലുവിളിയായേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ