കൊച്ചി: ആരാധകരുടെ അതിരു കടന്ന വിമര്‍ശനത്തിനെതിരെ മുഹമ്മദ് റാഫി. വിമര്‍ശിക്കുന്നവര്‍ക്ക് ഫുട്‌ബോള്‍ അറിയില്ലെന്നും എന്തെങ്കിലും പറഞ്ഞ് വിമര്‍ശിക്കണം എന്നു മാത്രമേയുള്ളൂവെന്നും ചെന്നൈയിന്‍ എഫ്‌സി താരമായ കാസര്‍ഗോഡുകാരന്‍ പറഞ്ഞു.

‘സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് നിരക്കാത്ത രീതിയിലേക്ക് വിമര്‍ശനങ്ങള്‍ തരംതാഴുന്നുവെന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ മാത്രമല്ല വിമര്‍ശനങ്ങള്‍ക്ക് ഇരയാവുന്നത്. സി.കെ.വിനീതിന്റെ കാര്യം തന്നെ ഉദാഹരണം. വിനീതിനെതിരേയും ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇന്നലെ റാഫി ആയിരുന്നുവെങ്കില്‍ ഇന്ന് വിനീത് അത്രയേയുള്ളൂ.’ താരം പറയുന്നു.

മുന്‍ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന റാഫി തന്റെ മൂന്നാമത്തെ ഫൈനലിന് തയ്യാറെടുക്കുകയാണ്. ഇതിന് മുന്നോടിയായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

‘യഥാര്‍ത്ഥ ഫുട്‌ബോള്‍ ആരാധകര്‍ വ്യക്തിപരമായി ടാര്‍ജറ്റ് ചെയ്യില്ല. അവര്‍ക്ക് ഫുട്‌ബോള്‍ അറിയില്ല. എപ്പോഴും എന്തെങ്കിലും പറഞ്ഞ് വിമര്‍ശിക്കണം. അത്രയും കാലം ടീമിന് വേണ്ടി ചെയ്തതെല്ലാം മറക്കും. എന്നാല്‍ ചെന്നൈയിന്‍ ടീമില്‍ ഇത്തരം സമ്മര്‍ദ്ദങ്ങളില്ല.’ റാഫി പറയുന്നു.

ആദ്യ സീസണില്‍ എടികെയ്ക്കു വേണ്ടി ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ആയിരുന്നു റാഫിയുടെ ആദ്യ ഫൈനല്‍. പിന്നീട് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി എടികെയ്ക്ക് എതിരേയും കളിച്ചു. ഓരോ ഫൈനലും ഓരോ അനുഭവങ്ങളായിരുന്നുവെന്നാണ് റാഫി പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ