ലോകകപ്പിൽ സെമിവരെയുള്ള ഇന്ത്യൻ കുതിപ്പിൽ മുന്നിൽ നിന്ന് നയിച്ചവരിൽ പേസർ ജസപ്രീത് ബുംറയും ഉണ്ടായിരുന്നു. തീപാറും പന്തുകളുമായി എതിരാളികളെ നേരിട്ട ബുംറയ്ക്ക് ലോകകപ്പിൽ എവിടെയും പിഴച്ചില്ല. റൺസ് നിയന്ത്രിക്കാനും വിക്കറ്റെടുക്കാനും സാധിച്ചു. വിക്കറ്റിന് മുന്നിൽ ബുംറയെ നേരിട്ട പേരുകേട്ട ബാറ്റിങ് നിരയെല്ലാം വെള്ളം കുടിച്ചു. അതിനുള്ള തെളിവാണ് ഈ കണക്കുകൾ. ലോകകപ്പിൽ ജസ്പ്രീത് ബുംറയെ ബൗണ്ടറി പായിച്ചത് ഒരേയൊരു താരം മാത്രമാണ്. അതും ഒറ്റതവണ.

വ്യക്തമായി പറഞ്ഞാൽ ജസ്പ്രീത് ബുംറയെ സിക്സ് പായിക്കാൻ ഒരു താരത്തിന് മാത്രമേ സാധിച്ചുള്ളൂ. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് ജസ്പ്രീത് ബുംറയെ സിക്സർ പായിച്ചത്. ആ ഇന്നിങ്സിൽ ആകെ പിറന്നതും ഈ ഒരു സിക്സർ മാത്രമാണ്. ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും ഒക്കെ പേരുകേട്ട ബാറ്റിങ് നിരയ്ക്ക് ഒരിക്കൽ പോലും ബുംറയെ വിജയകരമായി നേരിടാൻ സാധിച്ചില്ല.

ലോകകപ്പിലുടനീളം മികച്ച പ്രകടനമാണ് ബുംറ പുറത്തെടുത്തത്. ഒമ്പത് മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞ ബുംറ 18 വിക്കറ്റുകൾ സ്വന്തമാക്കി. 371റൺസ് മാത്രം വഴങ്ങിയാണ് ബുംറ 18 വിക്കറ്റുകൾ വീഴ്ത്തിയത്. വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ് ബുംറ.

ഐസിസി തിരഞ്ഞെടുത്ത ലോകകപ്പ് ടീമിലും ബുംറ ഇടംപിടിച്ചിരുന്നു. ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ ഇന്ത്യൻ ബോളിങ്ങിന്റെ കുന്തമുനയായി ബുംറ മാറികഴിഞ്ഞു. ഏകദിന ബോളിങ് റാങ്കിങ്ങിൽ ലോകകപ്പിന് ശേഷവും ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബുംറ. രണ്ടാം സ്ഥാനത്തുള്ള ട്രെന്ര് ബോൾട്ടിനേക്കാൾ ബഹുദൂരം മുന്നിലാണ് ബുംറ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook