/indian-express-malayalam/media/media_files/uploads/2021/10/MSK.jpg)
ന്യൂഡല്‍ഹി: ടി ട്വന്റി ലോകകപ്പോടെ രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിയുന്നതിനാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി ആരാകുമെന്നതില്‍ ചര്‍ച്ചകള്‍ സജീവമാണ്. അനില്‍ കുംബ്ലെ, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങി നിരവധി മുന്‍ താരങ്ങളുടെ പേരുകളും പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബിസിസിഐ ഇക്കാര്യത്തില്‍ ഔദ്യോഗിമായ പ്രതികരണങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല.
ബിസിസിഐ മുന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദും പുതിയ പരിശീലകന്‍ ആരാകണമെന്നതില്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡായിരിക്കണം ശാസ്ത്രിക്ക് പകരക്കാരനായി എത്തേണ്ടതെന്ന് എം.എസ്.കെ. പ്രസാദ് പറഞ്ഞു. എം.എസ്.ധോണി ടീം മെന്ററായും എത്തുന്നത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈയില്‍ നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ദ്രാവിഡായിരുന്നു ഇന്ത്യയെ പരിശീലിപ്പിച്ചത്.
"രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായും ധോണി മെന്ററായും മുന്നോട്ട് പോകുന്നതാണ് ഏറ്റവും ഉചിതമെന്ന് എനിക്ക് തോന്നുന്നു. ഇന്ത്യന്‍ ടീമിന് സംഭവിക്കാവുന്ന ഏറ്റവും മികച്ച കാര്യമായിരിക്കും ദ്രാവിഡ്-ധോണി കൂട്ടുകെട്ട്," എം.എസ്.കെ. പ്രസാദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇന്ത്യ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനായി മികവ് തെളിയിച്ച വ്യക്തിയാണ് രാഹുല്‍ ദ്രാവിഡ്. 2018 ല്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോള്‍ ദ്രാവിഡായിരുന്നു പരിശീലകന്‍. പിന്നീട് ഇന്ത്യ എ ടീമിനെ നിരവധി പരമ്പരകളില്‍ നയിക്കാനും മുന്‍ താരത്തിന് കഴിഞ്ഞു. ശ്രീലങ്കന്‍ പര്യടനത്തില്‍ ദ്രാവിഡിനെ പരിശീലകനാക്കി നിയമിച്ചുള്ള ബിസിസിഐ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
Also Read: ഐപിഎല്ലിലെ അവസാനം മത്സരം വരെ ബാംഗ്ലൂരിന് ഒപ്പം: കോഹ്ലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.