ന്യൂഡല്‍ഹി: അമ്പാട്ടി റായിഡുവിന്റെ വിവാദമായ ത്രിഡി ട്വീറ്റില്‍ പ്രതികരണവുമായി മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. ലോകകപ്പ് ടീമില്‍ തനിക്ക് പകരം വിജയ് ശങ്കറിന് ഉള്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു റായിഡുവിന്റെ വിവാദമായി മാറിയ ട്വീറ്റ്. അന്ന് പ്രസാദ് നല്കിയ വിശദീകരണം, വിജയ് ശങ്കര്‍ ത്രി ഡൈമെന്‍ഷനല്‍ കളിക്കാരാനാണെന്നായിരുന്നു.
”അതൊരു രസകരമായ ട്വീറ്റായിരുന്നു. കൃത്യമായ സമയത്ത് തന്നെയുള്ളത്. ഞാന്‍ ട്വീറ്റ് ആസ്വദിച്ചു. വളരെ നന്നായിരുന്നു. അവനെങ്ങനെയാണ് അത് തോന്നിയതെന്ന് എനിക്ക് അറിയില്ല” എന്നായിരുന്നു എംഎസ്കെ പ്രസാദിന്റെ രസകരമായ ട്വീറ്റ്.
അതേസമയം, റായിഡുവിന് പകരം വിജയ് ശങ്കറിനെ ടീമിലെടുത്തതിന് പിന്നില്‍ യാതൊരു വിധ പ്രത്യേക താല്പര്യവുമില്ലായായിരുന്നുവെന്നും ടീം സെലക്ഷന് കമ്മിറ്റി എന്ന നിലയില്‍ മാത്രമായിരുന്നു തീരുമാനമെന്നും പ്രസാദ് വിശദീകരിച്ചു.
”ഞങ്ങളൊരു താരത്തെ തിരഞ്ഞെടുത്താല്‍ അദ്ദേഹം നന്നായി കളിക്കുമ്പോള്‍ സന്തോഷം തോന്നും. അതുപോലെ ഇത്തരത്തില്‍ പുറത്ത് പോകുമ്പോള്‍ വിഷമമാകും. വിജയ് ശങ്കറിനേയും പന്തിനേയും മായങ്കിനേയുമൊക്കെ എടുക്കാനുള്ള തീരുമാനങ്ങള്‍ക്ക് പിന്നില്‍ മറ്റ് താല്പര്യങ്ങളില്ലായിരുന്നു” അദ്ദേഹം പറഞ്ഞു.
അതേസമയം, റായിഡു ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടപ്പോഴും സെലക്ഷന് കമ്മിറ്റി വേണ്ട പിന്തുണ നല്‍കിയിരുന്നുവെന്നും അന്ന് തങ്ങള്‍ക്കെതിരെ ഒരുപാട് വിമര്‍ശനം ഉയര്‍ന്നിട്ടും റായിഡുവിന് പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോമ്പിനേഷന്‍ പരിഗണിച്ചാണ് റായിഡുവിനെ ലോകകപ്പ് ടീമിലെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.