മുംബൈ: ധോണിയുടെ വിരമക്കില്‍ അഭ്യൂഹങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന, ടി20 ടീമുകള്‍ പ്രഖ്യാപിച്ചു. സൈനിക സേവനത്തിനായി രണ്ട് മാസത്തേക്ക് ക്രിക്കറ്റില്‍ നിന്നും ധോണി സ്വയം പിന്മാറിയ സാഹചര്യത്തില്‍ ഋഷഭ് പന്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ഈ അവസരത്തില്‍ ധോണിയുടെ വിരമക്കില്‍ സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യ സെലക്ടര്‍ എം.എസ്‌.കെ.പ്രസാദ്.

വിരമിക്കല്‍ ധോണി മാത്രം തീരുമാനമാണെന്നും സെലക്ടര്‍മാരുടെ ലക്ഷ്യം ഇപ്പോള്‍ ഋഷഭ് പന്തിനെ വളര്‍ത്തിയെടുക്കുന്നതിലാണെന്നുമായിരുന്നു പ്രസാദ് പറഞ്ഞത്. ധോണിയെ പോലൊരു താരത്തിന് താന്‍ എപ്പോള്‍ വിരമിക്കണമെന്ന് കൃത്യമായി അറിയാമെന്നും പ്രസാദ് പറഞ്ഞു.

”വിരമിക്കല്‍ അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്. ധോണിയെപ്പോലൊരു ഇതിഹാസ താരത്തിന് താന്‍ എപ്പോള്‍ വിരമിക്കണമെന്ന് വ്യക്തമായി അറിയാം. ഭാവിയെ കുറിച്ചാണ് സെലക്ഷന്‍ കമ്മിറ്റി ചിന്തിക്കുന്നത്. അതില്‍ കൂടുതലൊന്നും ചര്‍ച്ച ചെയ്യാനില്ല. അദ്ദേഹത്തെ ഇപ്പോള്‍ ലഭ്യമല്ല. കൂടാതെ ഞങ്ങള്‍ യുവതാരങ്ങളെ വളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read More: പഴികേട്ടവര്‍ പുറത്ത്, സര്‍പ്രൈസ് എന്‍ട്രികള്‍; വിന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

”ലോകകപ്പ് വരെ ഞങ്ങള്‍ക്ക് കൃത്യമായൊരു റോഡ് മാപ്പുണ്ടായിരുന്നു. ലോകകപ്പിന് ശേഷം ഞങ്ങള്‍ കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കി. ഋഷഭ് പന്തിന് കഴിയുന്ന അത്ര അവസരം നല്‍കുകയാണ് ലക്ഷ്യം. അതാണ് ഇപ്പോഴത്തെ പദ്ധതി. ഇതിനെ കുറിച്ച് ധോണിയുമായി സംസാരിച്ചതുമാണ്” പ്രസാദ് വ്യക്തമാക്കി.

വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ മടങ്ങിയെത്തി. മുന്‍ നായകന്‍ ധോണി സ്വയം പിന്മാറിയതോടെ ഋഷഭ് പന്താണ് ഏകദിനത്തിലും ടി20യിലും വിക്കറ്റ് കീപ്പര്‍. ടെസ്റ്റ് ടീമില്‍ പന്തിനൊപ്പം വൃദ്ധിമാന്‍ സാഹയും ഇടം പിടിച്ചിട്ടുണ്ട്.

വിരാട് കോഹ്‌ലിയ്ക്ക് വിശ്രമമനുവദിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നായകന്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറിയതോടെ താരം പര്യടനത്തിനുണ്ടാകും. ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മ്മയും അജിന്‍ക്യ രഹാനെയും ഇടം നേടിയിട്ടുണ്ട്. ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരും ടെസ്റ്റ് ടീമിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook