ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും പണ്ഡിതരുമെല്ലാം കഴിഞ്ഞ കുറച്ച് നാളുകളായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതാണ് മുന്‍ നായകന് എംഎസ് ധോണിയുടെ ഫോമില്ലായ്മ. അതിനിര്‍ണ്ണായക ഘട്ടത്തില്‍ പോലും യാതൊരു വിധ സമ്മര്‍ദ്ദവുമില്ലാതെ ടീമിനെ ഒരുപാട് തവണ നയച്ചിട്ടുള്ള ക്യാപ്റ്റന്‍ കൂള്‍ ഇന്ന് തന്റെ പ്രതിഭയുടെ നിഴല്‍ മാത്രമാണ്.
ബാറ്റ് കൊണ്ട് ടീമിന് വേണ്ടി കാര്യമായതൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. എന്നാല്‍ വിമര്‍ശകര്‍ക്കെല്ലാം മറുപടി നല്കിയിരുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ എബി ഡിവില്യേഴ്സ്.
ധോണിയെ പോലൊരു താരമുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നാണ് ഡിവില്യേഴ്സ് പറയുന്നത്. ധോണിയ്ക്കെതിരായ വിമര്‍ശനങ്ങളെ തമാശായാണ് എബിഡി വിശേഷിപ്പിച്ചത്.
”നിങ്ങള്‍ നല്ല തമാശക്കാരാണ്. എന്റെ ടീമില്‍ ധോണിയെ എന്നും കളിപ്പിക്കും. അതിപ്പോ 80 വയസായാലും വീല്‍ ചെയറിലായാലും, അദ്ദേഹം എന്റെ ടീമിലിടമുണ്ടാകും. ആ റെക്കോര്‍ഡുകള്‍ നോക്ക്. അതുപൊലാരാളെ മാറ്റി നിര്‍ത്താനാകുമോ? ” എന്നായിരുന്നു ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളുടെ പ്രതികരണം.
ഏകദിന ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച ടീമുതന്നെയാണ് ഇന്ത്യ. എന്നാല്‍ മധ്യനിരയിലെ സ്ഥിരതയില്ലായ്മ ടീമിനെ നന്നായി തന്നെ വലയ്ക്കുന്നുണ്ട്. മധ്യനിരയില്‍ ഇന്നിങ്സ് ബില്‍ഡ് ചെയ്യുകയും ടീമിനെ വിജയത്തിലേക്ക് നയിക്കുകയുമാണ് ധോണിയുടെ കര്‍ത്തവ്യം. എന്നാല്‍ താരം അവിടെ പരാജയപ്പെടുകയാണ്. കഴിഞ്ഞ 10 ഇന്നിങ്സുകളില്‍ നിന്നു ധോണിയുടെ ആകെ സമ്പാദ്യം 225 റണ്‍സാണ്.
അതേസമയം, ലോകകപ്പില്‍ ധോണിയുണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് മുന്‍ നായകന് സൗരവ്വ് ഗാംഗുലിയും പറയുന്നു. വിന്‍ഡീസിനെതിരായ ഏകദിനം ധോണിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്നും ദാദ പറഞ്ഞിരുന്നു.