ഇന്ത്യയുടെ മുൻ നായകൻ എം.എസ്.ധോണി മികച്ച ഫോമിലാണ്. ഓസ്ട്രേലിയൻ പര്യടനത്തിൽ മാൻ ഓഫ് ദി സീരീസ് നേടി വിമർശകരുടെ വായ് അടപ്പിച്ചിരുന്നു ധോണി. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും മാത്രമല്ല ബോളർമാർക്ക് നിർദേശങ്ങൾ നൽകി വിക്കറ്റ് വീഴ്‌ത്തുന്നതിലും ധോണിയുടെ കൈകളുണ്ട്. ന്യൂസിലൻഡ് പര്യടനത്തിലും ധോണി ടീമിൽ നിർണായക സാന്നിധ്യമാണെന്ന് ഓരോ മത്സരം കഴിയുന്തോറും തെളിയിക്കുന്നു.

ന്യൂസിലൻഡിനെതിരായ ആദ്യ ടി20 യിൽ പരാജയപ്പെട്ട ഇന്ത്യ രണ്ടാം ടി20 യിൽ വിജയം നേടി. ആദ്യ ടി20 യിൽ ബാറ്റിങ് നിരയിൽ ധോണി മാത്രമാണ് പിടിച്ചുനിന്നത്. രണ്ടാം ടി20 യിലും ധോണി വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചു നിൽക്കാനാണ് ശ്രമിച്ചത്. 14-ാം ഓവറിൽ വിജയ് ശങ്കർ പുറത്തായപ്പോഴാണ് ധോണി ക്രീസിലെത്തിയത്.

നിർണായക സമയത്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയാൽ അത് ടീമിന് തിരിച്ചടിയാകും എന്നു മനസ്സിലാക്കിയ ധോണി ശ്രദ്ധാപൂർവ്വമാണ് കളിച്ചത്. 16-ാം ഓവറിൽ ഇഷ് സോധിയുടെ ബോൾ ക്രീസിന് പുറത്തിറങ്ങി ബിഗ് ഷോട്ടിനായുളള ധോണിയുടെ ശ്രമം ഫലം കണ്ടില്ല. പെട്ടെന്ന് തന്നെ ഒറ്റകൈ കൊണ്ട് ധോണി ബോൾ തടയുകയായിരുന്നു. പലർക്കും തങ്ങളുടെ കുട്ടിക്കാലത്തെ ക്രിക്കറ്റ് ഓർമിപ്പിക്കുന്നതായിരുന്നു ധോണിയുടെ പ്രകടനം.

രണ്ടാം ടി20യിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ കീഴ്പ്പെടുത്തിയത്. ന്യൂസിലൻഡ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 19-ാം ഓവറിൽ ഇന്ത്യ മറികടന്നു. ഫോറടിച്ചുകൊണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തുടങ്ങിവച്ച ഇന്നിങ്സ് ഫോറടിച്ച് ഋഷഭ് പന്ത് പൂർത്തിയാക്കി. ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഇരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി. അർധ സെഞ്ചുറി നേടിയ നായകൻ രോഹിത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ റൺസ്കോറിങ്ങിന് വേഗത കൂട്ടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ