അഡ്‌ലെയ്‌ഡിലെ ഇന്ത്യൻ മുൻ നായകൻ എം.എസ്.ധോണിയുടെ ക്ലാസ് ഇന്നിങ്സിനെക്കുറിച്ചാണ് ഏവരുടെയും സംസാരം. വിരാട് കോഹ്‌ലി സെഞ്ചുറി കുറിച്ചപ്പോൾ ധോണി അർധ സെഞ്ചുറി തികച്ചാണ് ഇന്ത്യൻ ജയത്തിന്റെ നെടുംതൂണായത്. അഡ്‌ലെയ്ഡിലെ ധോണിയുടെ ഫിനിഷിങ് മികവിനെ പുകഴ്‌ത്തി ഒട്ടേറെ താരങ്ങൾ രംഗത്തുവന്നിട്ടുണ്ട്.

അവസാന ഓവറിലെ ആദ്യ ബോളിൽ സിക്സ് ഉയർത്തിയാണ് ഇന്ത്യയെ ഓസ്ട്രേലിയൻ സ്കോറിന് ഒപ്പമെത്തിച്ചത്. അടുത്ത ബോളിൽ സിംഗിളെടുത്ത് ധോണി മത്സരം പൂർത്തിയാക്കി. നാലു ബോൾ ശേഷിക്കെയായിരുന്നു ഇന്ത്യൻ ജയം. മത്സരത്തിനിടയിൽ ധോണി റണ്ണിനായി ഓടി ക്ഷീണിച്ച കാഴ്ച ക്രിക്കറ്റ് ആരാധകരെ വിഷമത്തിലാക്കുന്നതായിരുന്നു. ചില ബോളുകളിൽ ഡബിളും ട്രിപ്പിളും ഓടിയ ധോണി തളർന്ന നിലത്ത് കിടക്കുന്ന കാഴ്ച അഡ്‌ലെയ്ഡ് ഏകദിനത്തിലെ മറക്കാനാവാത്തതായി മാറി.

സിഡ്നി ഏകദിനത്തിൽ ധോണി അർധ സെഞ്ചുറി നേടിയെങ്കിലും ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. 96 പന്തിൽനിന്നാണ് ധോണി 51 റൺസെടുത്തത്. 34 റൺസിന്റെ ഇന്ത്യൻ പരാജയത്തിന്റെ ധോണിയുടെ ഈ ഇന്നിങ്സ് കാരണമായെന്നായിരുന്നു വിമർശനം. അഡ്‌ലെയ്ഡ് ഏകദിനത്തിൽ ഈ വിമർശനങ്ങൾക്ക് ഏറ്റുവാങ്ങാൻ തയ്യാറല്ലായിരുന്നു. അതിനാൽ തന്നെ കഴിയുന്ന സിംഗിളും ഡബിളും ട്രിപ്പിളും ഓടി റൺസെടുത്തു. ഇതിനിടയിലാണ് അമ്പയർ ശ്രദ്ധിക്കാതെ പോയൊരു സംഭവം നടന്നത്.

മത്സരത്തിലെ 45-ാമത്തെ ഓവറിൽ നഥാൻ ലിയോണിന്റെ ബോളിൽ ധോണി സിംഗിളിനായി ഓടി. എന്നാൽ ധോണി റണ്ണിങ് പൂർത്തിയാക്കിയില്ല. ക്രീസിൽ കയറുന്നതിനു മുൻപേ ധോണി വീണ്ടും ക്രീസിന്റെ മധ്യത്തിലേക്ക് നടന്ന് ദിനേശ് കാർത്തിക്കുമായി സംസാരിച്ചു. ക്രീസിന്റെ മധ്യത്തിൽനിന്നുകൊണ്ടായിരുന്നു ഇരുവരുടെയും സംസാരം. ധോണി റണ്ണിങ് പൂർത്തിയാക്കില്ലെന്ന് അമ്പയറോ ഓസീസ് താരങ്ങളോ ശ്രദ്ധിച്ചില്ല. ഇതറിയാതെ ഒരു റൺ ഇന്ത്യൻ സ്കോർ ബോർഡിൽ എഴുതി ചേർക്കുകയും ചെയ്തു.

ധോണി റണ്ണിങ് പൂർത്തിയാക്കാതെ നടന്നുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഈയൊരു റൺ ഇന്ത്യൻ തോൽവിക്ക് കാരണമാകില്ലെങ്കിലും വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. ബാറ്റ്സ്മാൻ റണ്ണിങ് പൂർത്തിയാക്കിയില്ലെങ്കിൽ ഐസിസി നിയമപ്രകാരം 5 റൺസ് ടീമിന് പിഴയായി കൊടുക്കേണ്ടി വരും. പക്ഷേ അത് അമ്പയർ ചൂണ്ടിക്കാട്ടണം. ഇന്നലത്തെ മത്സരത്തിൽ അമ്പയർ ധോണി റണ്ണിങ് പൂർത്തിയാക്കാത്തത് ശ്രദ്ധിക്കാതെ പോയത് ഇന്ത്യൻ ടീമിന് രക്ഷയായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook