ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോണിയുടെ പ്രായോഗിക ഉപദേശങ്ങളും, സങ്കീര്‍ണമായ സാഹചര്യത്തെ മറികടക്കടക്കാനുള്ള മികവും ട്വന്റി ലോകകപ്പില്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ടൂര്‍ണമെന്റിന് മുന്നോടിയായി ഐസിസി സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കോഹ്ലി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ മാസമാണ് ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ മെന്ററായി ധോണിയെ ബിസിസിഐ നിയമിച്ചത്. “അദ്ദേഹത്തിന് വലിയ പരിചയസമ്പത്തുണ്ട്. ഞങ്ങളെല്ലാവര്‍ക്കും അദ്ദേഹം ഉപദേശകനാണ്. ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം യുവതാരങ്ങള്‍ക്ക് വലിയ സഹായകമാകും,” കോഹ്ലി പറഞ്ഞു.
ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ 12 യോഗ്യതാ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. സൂപ്പര്‍ 12 ല്‍ ഒക്ടോബര്‍ 24 ന് ചിരവൈരികളായ പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. പ്രഥമ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയതിന് ശേഷം പിന്നീട് കിരീടം നേടാന്‍ സാധിച്ചിട്ടില്ല എന്ന പോരായ്മ നികത്താനാകും ഇന്ത്യ ഇറങ്ങുക.