ലണ്ടൻ: ഇന്ത്യയും പാക്കിസ്ഥാനും ബന്ധശത്രുക്കളാണ് എന്നതാണ് വെപ്പ്. നാളെ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ കലാശപോരാട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ യുദ്ധമാണ് നടക്കുന്നത് എന്നാണ് ചിലരുടെയൊക്കെ ധാരണ. എന്നാൽ ഈ സങ്കുചിത കാഴ്ചപ്പാടിനെ തള്ളിക്കളയുന്ന പ്രവർത്തിയാണ് ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിങ്ങ് ധോണി നടത്തിയത്. പാക്കിസ്ഥാൻ നായകൻ​ സർഫ്രാസ് അഹമ്മദിന്റെ കുഞ്ഞിനെ സ്നേഹത്തോടെ താലോലിക്കുന്ന ധോണിയുടെ പ്രവർത്തിയാണ് വലിയ സന്ദേശങ്ങൾ നൽകുന്നത്.

ക്രിക്കറ്റ് താരങ്ങൾ തമ്മിൽ യാതൊരു വൈരവും ഇല്ലെന്നും. കളിക്കളത്തിലെ പോരാട്ടത്തിനപ്പുറം തങ്ങളെല്ലാം സുഹൃത്തുക്കളാണ് എന്നാണ് ധോണിയുടെ ഈ ചിത്രം നൽകുന്ന സന്ദേശം. പ്രമുഖ മാധ്യമ പ്രവർത്തകൻ രജ്ദീപ് സർദ്ദേശിയാണ് ഈ ചിത്രം പങ്കുവെച്ചത്. അതിർത്തികൾക്കപ്പുറം പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുന്ന കായിക സംസ്കാരമാണ് ഇത് എന്ന​ അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും പാക്ക് താരങ്ങളും പണ്ട് മുതലേ സൗഹൃദം പുലർത്തുന്നവരാണ്. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സെമിയിൽ കടന്നപ്പോൾ ഇന്ത്യയുടെ മുതിർന്ന താരങ്ങളുൾപ്പടെ ടീമിന് ആശംസകൾ നേർന്നിരുന്നു. ഇന്ത്യ സെമിയിൽ കടന്നപ്പോൾ ഷൊയിബ് അക്തർ, ഷാഹിദ് അഫ്രീദി തുടങ്ങിയവർ ആശംസകൾ നേർന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ക്രിക്കറ്റ് പരമ്പരകൾ വേണമെന്ന് ഷാഹിദ് അഫ്രീദി ആവശ്യപ്പെട്ടിരുന്നു.

നാളെ നടക്കുന്ന ഇന്ത്യ , പാക്കിസ്ഥാൻ മത്സരത്തിനായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്. ഉന്നതമായ സ്‌പോട്സ്മാൻ സ്പിരിറ്റിലാണ് മത്സരം നടക്കുന്നത് എന്നാണ് താരങ്ങൾ നൽകുന്ന സന്ദേശം. നാളെ ഉച്ചയ്ക്ക് 3 മണിക്കാണ് ചാമ്പ്യൻസ് ട്രോഫിയുടെ കലാശപ്പോരാട്ടം നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ