ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം അവസാനിച്ചതോടെ ഇനി ഐപിഎൽ ആവേശത്തിലേയ്ക്ക് ഉണരുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ടീമുകളും താരങ്ങളും ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പരുക്കിനെ തുടർന്ന് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര നഷ്ടപ്പെട്ട ഹാർദ്ദിക് പാണ്ഡ്യയും ഐപിഎൽ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ധോണിയുടെ ഹെലികോപ്‌ടർ ഷോട്ട് അടിച്ചുകൊണ്ടായിരുന്നു ഹാർദ്ദിക് പാണ്ഡ്യ ഐപിഎൽ പരിശീലനം ആരംഭിച്ചത്. താരം തന്നെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഒപ്പം ഒരു ചോദ്യവും “ഈ ഷോട്ടിന് പിന്നിലെ എന്റെ പ്രേരണ ആരെന്ന് ഊഹിക്കുക?”

സ്വാകാര്യ ടെലിവിഷൻ ഷോയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ കുറച്ച് നാൾ ഇന്ത്യൻ ടീമിന് പുറത്തായിരുന്ന താരം കഴിഞ്ഞ ന്യൂസിലൻഡ് പര്യടനത്തിലാണ് വീണ്ടും ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നത്. എന്നാൽ ഓസ്ട്രേലിയ ഇന്ത്യയിലെത്തിയപ്പോൾ താരത്തിന് പരുക്ക് വിലങ്ങു തടിയാവുകയായിരുന്നു. ഐപിഎല്ലിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാനാണ് പാണ്ഡ്യയുടെ ശ്രമം.

മുംബൈ ഇന്ത്യൻസിന്റെ ഭാഗമാണ് ഐപിഎല്ലിൽ ഹാർദ്ദിക് പാണ്ഡ്യ. 2015 മുതൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിയ്ക്കുന്ന പാണ്ഡ്യ ടീമിലെ നിർണായക താരമാണ്. 2015ലും 2017ലും മുംബൈ ഇന്ത്യൻസിന് കിരീടം സമ്മാനിക്കുന്നതിലും താരം പങ്കാളിയായി. ഐപിഎല്ലിന്റെ പന്ത്രാണ്ടാം പതിപ്പിലും കിരീട സാധ്യതകളിൽ മുംബൈ ഇന്ത്യൻസ് മുന്നിലുണ്ട്. പരിചയസമ്പന്നരുടെ നിരയാണ് മുംബൈ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ