രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ 17-ാം വയസിൽ അരങ്ങേറ്റം കുറിച്ച താരമാണ് പാർത്ഥിവ് പട്ടേൽ. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ. 2002ൽ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ നോട്ടിങ്ഹാമിലായിരുന്നു പാർത്ഥിവ് ആദ്യമായി ഇന്ത്യൻ കുപ്പയമണിഞ്ഞത്. അണ്ടർ 19 ഇന്ത്യൻ ടീം നായകനായി ലോകകപ്പ് വേദിയിലുമെത്തിയ പാർത്ഥിവ് ചുരുങ്ങിയ സമയംകൊണ്ട് തന്നെ സച്ചിനും ദ്രാവിഡും ഗാംഗുലിയുമെല്ലാം ഉൾപ്പെടുന്ന ഇന്ത്യൻ ടീമിലെ സ്ഥിരസാനിധ്യമായി.
എന്നാൽ പെട്ടന്നായിരുന്നു താരത്തിന്റെ കരിയറിൽ തിരിച്ചടികൾ നേരിടാൻ തുടങ്ങിയത്. തുടക്കത്തിൽ ഏവരെയും ഞെട്ടിച്ച പാർത്ഥിവ് പതിയെ രാജ്യാന്തര വേദികളിൽ നിന്ന് അപ്രതീക്ഷിതമായി. റൺസ് കണ്ടെത്താൻ നന്നേ പ്രയാസപ്പെട്ട പാർത്ഥിവ് വിക്കറ്റിനും പിന്നിലും പലപ്പോഴും മോശം പ്രകടനങ്ങളുടെ പേരിൽ പഴിക്കപ്പെട്ടു. ഇന്ത്യൻ ടീമിൽ നിന്ന് പാർത്ഥിവ് പുറത്ത് പോയി മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ടീമിൽ ധോണിയുടെ അരങ്ങേറ്റം. പിന്നെയുള്ളത് ചരിത്രമാണ്.
ധോണി ഇന്ത്യൻ ടീമിൽ സാനിധ്യമുറപ്പിക്കുകയും നായകനാവുകയും ചെയ്തതോടെ പാർത്ഥിവ് പട്ടേലും ദിനേശ് കാർത്തിക്കും തിരശീലയിൽ നിന്ന് തന്നെ മാഞ്ഞു. പാർത്ഥിവ് ആഭ്യന്തര വേദികളിൽ കൂടുതൽ ശ്രദ്ധ കൊടുത്തപ്പോൾ ദിനേശ് കാർത്തിക് ഗസ്റ്റ് റോളിലെത്തി ഇന്ത്യൻ ടീമിൽ മുഖം കാണിച്ചു മറഞ്ഞുകൊണ്ടിരുന്നു. എന്നാൽ തന്റെ തകർച്ചയ്ക്കും തിരിച്ച് വരവ് അസാധ്യമാക്കിയതും ധോണി യുഗമാണെന്ന് പറയുന്നതിനോട് പാർത്ഥിവിന് ഒട്ടും യോജിപ്പില്ല.
“ഞാൻ ജനിച്ചത് ഒരു തെറ്റായ യുഗത്തിലാണെന്നും അത് ധോണിയുടെ കാലഘട്ടമാണെന്നും പലരും എന്നോട് പറഞ്ഞു, എന്നാൽ എംഎസ് ധോണിക്ക് മുമ്പായി ഞാൻ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. എംഎസ് ധോണിയുടെ സാന്നിധ്യം കാരണം എന്റെ കരിയർ ചുരുങ്ങി എന്ന് പറഞ്ഞ് സഹതാപം തേടുന്നത് തെറ്റാണ്. എന്റെ പ്രകടനം അതിരുകടന്നതായിരുന്നില്ലെന്നും അതിനാലാണ് മറ്റുള്ളവർക്ക് അവസരം ലഭിച്ചതെന്നും ഞാൻ കരുതുന്നു.” പാർത്ഥിവ് പറഞ്ഞു.
താൻ ധോണിയുടെ കാലഘട്ടത്തിൽ ജനിച്ചതിനാൽ കൂടുതൽ അവസരം ലഭിക്കാത്തതിന്റെ സഹതാപം താൻ ഒരിക്കലും തേടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ടീമിൽ സ്ഥിരസാനിധ്യമാകാൻ സാധിച്ചില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങാൻ പലപ്പോഴും പാർത്ഥീവിനായി. അതുകൊണ്ട് തന്നെ 2008, 2016, 2018 വർഷങ്ങളിൽ തിരിച്ചുവരവിനുള്ള അവസരവും പാർത്ഥിവിന് ലഭിച്ചു.