ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന മത്സരത്തിൽ രോഹിത് ശർമ്മയുടെ സെഞ്ചുറിക്കും എം.എസ്.ധോണിയുടെ അർധ സെഞ്ചുറിക്കും ഇന്ത്യൻ ടീമിനെ രക്ഷിക്കാനായില്ല. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ 34 റൺസിനായിരുന്നു ഇന്ത്യൻ പരാജയം. ഇന്ത്യയുടെ ആറു ബാറ്റ്സ്മാന്മാരാണ് രണ്ടക്കം കടക്കാതെ പുറത്തായത്. രോഹിത്തും ധോണിയും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്.

ധോണി 95 ബോളിൽനിന്നാണ് 51 റൺസ് എടുത്തത്. 33-ാം ഓവറിൽ ജാസൺ ബഹ്റൻഡോഫിന്റെ ബോളിലാണ് ധോണി പുറത്തായത്. എൽബി അപ്പീൽ അനുവദിച്ച അമ്പയറുടെ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് റീപ്ലേകളിൽ വ്യക്തമായി. റീപ്ലേകളിൽ പന്ത് ലൈനിന് പുറത്തായിട്ടാണ് പിച്ച് ചെയ്തത്. അമ്പയറുടെ തീരുമാനം തെറ്റായിരുന്നുവെന്ന് മനസ്സിലായിട്ടും ധോണി പവലിയനിലേക്ക് മടങ്ങി. കാരണം ഇന്ത്യയുടെ പക്കൽ റിവ്യൂ ഉണ്ടായിരുന്നില്ല.

അമ്പാട്ടി റായിഡുവാണ് ഇന്ത്യയുടെ റിവ്യൂ നഷ്ടമാക്കിയത്. റിച്ചാഡ്സന്റെ പന്തിൽ റായിഡു വിക്കറ്റിന് മുന്നിൽ കുടുങ്ങിയപ്പോൾ റിവ്യൂ ആവശ്യപ്പെട്ടിരുന്നു. പക്ഷേ റിവ്യൂ പാഴായി. റായിഡുവിന്റെ വിക്കറ്റ് ശരിയാണെന്നു തെളിഞ്ഞു. ഈ റിവ്യൂ ഇന്ത്യയുടെ വിജയപ്രതീക്ഷകളെയാണ് തച്ചുടച്ചത്. റായിഡു റിവ്യൂ ആവശ്യപ്പെടാതെ ഇരുന്നെങ്കിൽ ധോണിയ്ക്ക് ആവശ്യപ്പെടാമായിരുന്നു. അങ്ങനെയെങ്കിൽ ഇന്ത്യൻ ജയത്തിനും അത് വഴി തെളിയിച്ചേനെ.

റിവ്യൂ നഷ്ടപ്പെടുത്തിയ അമ്പാട്ടി റായിഡുവിനെതിരെ ധോണി ആരാധകരും രംഗത്തു വന്നിട്ടുണ്ട്. ധോണിയുടെ വിക്കറ്റിന് കാരണക്കാരൻ അമ്പാട്ടി റായിഡുവെന്നാണ് ആരാധകർ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook