ഐപിഎല്ലില്‍ ചരിത്രം ആവർത്തിച്ചാണ് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പര്‍ കിങ്സിനെ ഫൈനലില്‍ തോല്‍പ്പിച്ചത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ, മുംബൈ ഇന്ത്യൻസ് ഐപിഎല്ലിലെ നാലാം കിരീടം ഉയർത്തി. ഒരു റണ്ണിനാണ് മുംബൈ ഇന്ത്യൻസ് ചെന്നൈയെ കീഴടക്കിയത്. മുംബൈയ്ക്ക് ജയത്തിലേക്കുളള വഴിത്തിരിവായത് ചെന്നൈ നായകന്‍ ധോണിയുടെ റണ്‍ ഔട്ടായിരുന്നു. ഒരറ്റത്ത് ഷെയ്ൻ വാട്സണ്‍ കത്തിക്കയറുമ്പോള്‍ വിജയം ഉറപ്പിക്കാന്‍ മറു വശത്ത് ധോണി വേണമായിരുന്നു. പതിവ് പോലെ പതിഞ്ഞ താളത്തോടെ ധോണി തുടങ്ങിയെങ്കിലും 2 റണ്‍സ് എടുത്ത് നില്‍ക്കെ അദ്ദേഹം പുറത്തായി. ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ത്രോയിലാണ് ധോണി റണ്‍ ഔട്ടായത്.

എന്നാല്‍ ധോണിയുടേത് ഔട്ട് തന്നെയാണോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍. മൈതാനത്ത് ഫീല്‍ഡ് അംപയര്‍ തീരുമാനം തേഡ് അംപയര്‍ക്ക് വിട്ടു. എന്നാല്‍ റീപ്ലേകള്‍ കണ്ടപ്പോള്‍ അംപയര്‍മാര്‍ പോലും ആശയക്കുഴപ്പത്തിലാവുകയായിരുന്നു. ഓരോ ആംഗിളുകള്‍ നോക്കിയപ്പോഴും ആശയക്കുഴപ്പം കൂടി വരികയാണ് ചെയ്തത്. ഒരു ആംഗിളില്‍ ഔട്ടാണെന്ന് വ്യക്തമായെങ്കിലും മറ്റൊരു ആംഗിളില്‍ നിന്ന് നോക്കുമ്പോള്‍ നോട്ടൗട്ട് ആയാണ് കാണപ്പെടുന്നത്. ഇത് കമന്റേറ്റര്‍മാര്‍ക്കിടയിലും അഭിപ്രായഭിന്നതയുണ്ടാക്കി. തുടര്‍ന്ന് ധോണിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാതെ തേഡ് അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു.

എന്നാല്‍ മത്സരത്തിന് ശേഷം ധോണിയുടേയും ചെന്നൈയുടേയും ആരാധകര്‍ സോഷ്യൽ മീഡിയയില്‍ പ്രതിഷേധം രേഖപ്പെടുത്തി. നിരവധി പോസ്റ്റുകളാണ് അംപയറുടെ തീരുമാനത്തിനെതിരെ പ്രത്യക്ഷപ്പെട്ടത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 149 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ ഏഴ് വിക്കറ്റിന് 148 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. മുംബൈക്കായി ബുമ്ര രണ്ട് വിക്കറ്റ് എടുത്തു. രാഹുൽ ചഹാർ, മലിംഗ, ക്രുണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

വലുതല്ലാത്ത ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈക്കായി ഭേദപ്പെട്ട തുടക്കമാണ് ഓപ്പൺമാരായ ഡു പ്ലെസിസും (13 പന്തിൽ നിന്നും 26) ഷെയ്ൻ വാട്സണും (59 പന്തിൽ നിന്നും 80) ചേർന്ന് നൽകിയത്. എന്നാൽ തുടക്കത്തിലുണ്ടായ മികവ് നിലനിർത്താൻ ചെന്നൈക്ക് സാധിച്ചില്ല. അവസാന ഓവർ വരെ വാട്സണ്‍ ക്രീസിൽ നിലയുറപ്പിച്ചു. വിക്കറ്റിന് പിറകിൽ ഡികോക്കിന് പിടികൊടുത്ത് ഡു പ്ലെസിസ് മടങ്ങിയതിന് പിന്നാലെ എത്തിയ റെയ്ന (8), റായിഡു (1), നായകൻ ധോണി (2), ബ്രാവോ (15 പന്തിൽ 15) എന്നിവർ ക്രീസിൽ വന്നതും പോയതും പെട്ടെന്നായിരുന്നു.

Read: ‘അടുത്ത സീസണില്‍ നിങ്ങള്‍ ഉണ്ടാകുമോ?’; മറുപടി പറഞ്ഞ് ധോണി

അവസാന ഓവറിൽ ഒമ്പത് റൺസ് വേണ്ടിയിരുന്ന ചെന്നെക്കെതിരെ പന്തെറിയാൻ എത്തിയ ലങ്കൻ താരം ലസിത് മലിംഗ പക്ഷെ, അവിശ്വസനീയമാം വിധം മത്സരം മുംബൈയുടെ വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു. അവസാന ഓവറിലെ നാലാം പന്തിൽ ഇല്ലാത്ത റണ്ണിനോടിയ വാട്സനെ ക്രുണാല്‍ എറിഞ്ഞ് വീഴ്ത്തിയപ്പോൾ, അവസാന പന്തിൽ രണ്ട് റൺ വേണ്ടിടത്ത്, പന്ത് നേരിട്ട താക്കൂറിനെ മലിംഗ എൽബിഡബ്ല്യുവിൽ കുരുക്കി. നേരത്തെ, മുംബൈക്കായി അവസാന നിമിഷം തകർത്തടിച്ച പൊള്ളാർഡാണ് (25 പന്തിൽ നിന്നും 41) മുംബൈയ്ക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. മൂന്ന് വീതം സിക്സും ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പൊള്ളാർഡിന്റെ ഇന്നിങ്സ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook