മുംബൈയിൽ നടന്ന സെലിബ്രിറ്റി ക്ലാസികോയിലും താരമായി എം.എസ്.ധോണി. ക്രിക്കറ്റിൽ മാത്രമല്ല ഫുട്ബോളിലും ഇന്ത്യൻ താരങ്ങൾ വിജയക്കൊടി പാറിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും എം.എസ്.ധോണിയും ഒത്തൊരുമിച്ചപ്പോൾ ജയം ഓൾ ഹാർട്സ് എഫ്സി നേടി. സിനിമാ താരങ്ങളുടെ ഓൾ സ്റ്റാർസ് എഫ്സിക്കെതിരെ മൂന്നിനെതിരെ ഏഴു ഗോളുകൾക്കായിരുന്നു ക്രിക്കറ്റ് താരങ്ങളുടെ ഓൾ ഹാർട്സ് എഫ്സിയുടെ ജയം.

ധോണിയുടെ മികച്ച പ്രകടനമായിരുന്നു ഓൾ ഹാർട്സ് എഫ്സിയുടെ വിജയത്തിനു പിന്നിൽ. ക്രിക്കറ്റിൽ മാത്രമല്ല ഫുട്ബോളിലും ധോണി പുലിയാണെന്നു തെളിയിച്ചു. രണ്ടു ഗോളുകളാണ് ധോണി തന്റെ ടീമിനായി നൽകിയത്. ധോണിയുടെ രണ്ടാമത്തെ ഗോൾ ഒരു ഫ്രീ കിക്കായിരുന്നു. സോഷ്യൽ മീഡിയയിൽ ധോണിയുടെ ഈ ഗോൾ വിഡിയോ വൈറലായിക്കഴിഞ്ഞു. ധോണിയുടെ മകൾ സിവയും മൽസരം കാണാനെത്തയിരുന്നു. മൽസരത്തിനുശേഷം കളിച്ചു തളർന്ന ധോണിക്ക് സിവ വെള്ളം നൽകുന്ന വിഡിയോയും വൈറലായിട്ടുണ്ട്.

ബോളിവുഡ് താരങ്ങളുടെ ടീമിനായി ക്യാപ്റ്റന്‍ രൺബീര്‍ കപൂർ, ആധാർ‌ ജെയിൻ, ഷബീർ‌ അലുവാലിയ എന്നിവർ ഗോൾ നേടി. ചാരിറ്റി പ്രവർത്തനങ്ങളുടെ ധനസമാഹരണത്തിനായാണ് മൽസരം സംഘടിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ