സ്റ്റംപ്പിങ്ങിൽ ഒരിക്കൽക്കൂടി മാജിക് കാട്ടി മഹേന്ദ്ര സിങ് ധോണി. വിശാഖപട്ടണത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിലാണ് മിന്നൽ വേഗത്തിൽ ധോണി സ്റ്റംപിങ് ചെയ്തത്. സെഞ്ചുറിക്ക് വെറും 5 റൺസ് മാത്രം അകലെയായിരുന്ന ലങ്കൻ ബാറ്റ്സ്മാൻ ഉപുൽ തരംഗയാണ് ധോണിയുടെ സ്റ്റംപിങ്ങിനു മുന്നിൽ അടിപതറി വീണത്.

28-ാം ഓവറിൽ ആദ്യത്തെ ബോളിലായിരുന്നു ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ചുകൊണ്ടുളള ധോണിയുടെ സ്റ്റംപിങ്. കുൽദീപ് യാദവിന്റെ ബോളിൽ ക്രീസിൽനിന്നും പുറത്തിറങ്ങിയ തരംഗയ്ക്ക് പിഴച്ചു. ഷോട് മിസ് ചെയ്ത തരംഗ ക്രീസിനുളളിൽ കടക്കുന്നതിനുമുൻപേ ധോണി സ്റ്റംപിങ് ചെയ്തിരുന്നു. ധോണി സ്റ്റംപിങ് ചെയ്തതും തരംഗ ക്രീസ് ലൈനിൽ കാൽവച്ചതും സെക്കന്റുകളുടെ വ്യത്യാസത്തിലായിരുന്നു. മിന്നൽ വേഗത്തിലുളള ധോണിയുടെ സ്റ്റംപിങ്ങിനെ ക്രിക്കറ്റ് ലോകവും ആരാധകരും പുകഴ്ത്തുകയാണ്.

തരംഗയുടെ സെഞ്ചുറിയിൽ ഇന്ത്യയ്ക്ക് മുന്നിൽ കൂറ്റൻ റൺമല ഉയർത്താമെന്നു കരുതിയ ലങ്കയുടെ സ്വപ്നങ്ങളെയാണ് ധോണി തച്ചുടച്ചത്. ലങ്കൻ സ്കോർ 160 ൽ എത്തി നിൽക്കുമ്പോഴാണ് തരംഗ വീണത്. 82 ബോളിൽനിന്നായി 95 റൺസോടെ തരംഗയുടെ ഇന്നിങ്സ് അവസാനിച്ചു. തരംഗയുടെ വിക്കറ്റ് വീണതോടെ ലങ്കൻ സ്കോർ 215 ൽ ഒതുങ്ങി. ഇന്ത്യൻ ബോളർമാരുടെ മുന്നിൽ ലങ്കയുടെ 7 വിക്കറ്റുകളും വളരെ പെട്ടെന്ന് വീണു.

സ്പിന്നർമാരായ യുസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും ചേർന്നാണ് ലങ്കൻ നിരയെ തകർത്തത്. ഇരുവരും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. മൂന്നാം ഏകദിനത്തിൽ ലങ്കയെ 8 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ശ്രീലങ്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ശിഖർ ധവാന്റെ 12-ാം ഏകദിന സെഞ്ചുറിയാണ് ഇന്ത്യൻ ജയത്തിന് കരുത്തായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ