ഇന്ത്യൻ ടീമിലെ ധോണിയുടെ സാനിധ്യം കഴിഞ്ഞ കുറേ നാളുകളായി ചർച്ചചെയ്യപ്പെടുന്നതാണ്. ധോണി ഇനിയും ടീമിൽ തുടരണമെന്നും വേണ്ടെന്നുമുള്ള വാദങ്ങൾ ഉയർന്നു കേൾക്കുന്നു. രണ്ട് കൂട്ടർക്കും പറയാൻ വ്യക്തമായ കാരണങ്ങളും ഉണ്ട്. എന്നാൽ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു 2019ന്റെ തുടക്കം മുതൽ ധോണി പുറത്തെടുക്കുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ടീമിൽ ധോണിയുടെ സ്ഥാനം എന്താണെന്ന് മുൻ ഓസിസ് ഇതിഹാസം റിക്കി പോണ്ടിങ് വ്യക്തമാക്കുന്നത്. സമ്മർദ്ദഘട്ടങ്ങളിൽ ധോണിയുടെ ശാന്തത പോലും ടീമിന് ഏറെ സഹായം ചെയ്യുമെന്നാണ് പോണ്ടിങ്ങ് പറയുന്നത്.

Also read: ‘പലപ്പോഴും എന്നെ രക്ഷപ്പെടുത്തിയത് ധോണിയായിരുന്നു’; മനസ് തുറന്ന് നന്ദി പറഞ്ഞ് ഇശാന്ത്

” കോഹ്‌ലിയുടെ നായക സ്ഥാനത്തേ കുറിച്ച് എനിക്ക് ഒരു കുറവും പറയാനില്ല. ടെസ്റ്റ് ടീമിന് ഒരുപാട് നേട്ടങ്ങൾ കൊയ്യാൻ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് സാധിച്ചു. എന്നാൽ സമ്മർദ്ദ ഘട്ടങ്ങളിൽ ധോണിയുടെ സാനിധ്യവും ശാന്തതയും പോലും ടീമിന് വിലയേറിയതാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ധോണിയുടെ ബാറ്റിങ് കാണാൻ സാധിച്ചില്ല. ആ മൂന്ന് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയും ചെയ്തു, ” പോണ്ടിങ്ങ് പറഞ്ഞു.

Also read: പരീക്ഷണവും വെട്ടലുമൊക്കെ പരിധി വിട്ടു, ധോണിയെ ഇറക്കേണ്ടത് ഈ സ്ഥാനത്ത്; ഉപദേശവുമായി കുംബ്ലെ

ലോകകപ്പ് ടീമിലെ നാലാമനായി പോണ്ടിങ് തിരഞ്ഞെടുത്ത പേര് ശ്രേയസ് അയ്യരുടേതാണ്. ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ആരാകും നാലാമന്‍ എന്നതാണ്. അമ്പാട്ടി റായിഡുവും ഋഷഭ് പന്തും ഈ സ്ഥാനത്ത് പരീക്ഷിക്കപ്പെട്ടു. എന്നാല്‍ അന്തിമ ഉത്തരത്തിലെത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല. ഇതോടെയാണ് ഐപിഎല്ലിൽ പോണ്ടിങ് പരിശീലിപ്പിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ടീം നായകൻ ശ്രേയസ് അയ്യരെ പോണ്ടിങ് നാലാം സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചത്.

Also Read:ആരാകും ഇന്ത്യയുടെ ‘നാലാമന്‍’? റിക്കി പോണ്ടിങ്ങിന്റെ ഉത്തരത്തില്‍ നെറ്റി ചുളിച്ച് ക്രിക്കറ്റ് ലോകം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ 3-2 നാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ ലീഡ് ചെയ്‌തെങ്കിലും അവസാന മൂന്ന് ഏകദിനങ്ങളില്‍ ഓസീസ് മികച്ച പ്രകടനം നടത്തി തിരിച്ചുവരികയായിരുന്നു. ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അവസാന ഏകദിന പരമ്പരയായിരുന്നു ഓസ്‌ട്രേലിയക്കെതിരെ നടന്നത്. അവസാന രണ്ട് ഏകദിനങ്ങളിലും എംഎസ് ധോണിയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook