കട്ടക്ക്: ഇന്ത്യൻ ടീം മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ കൈക്കരുത്ത് വിശേഷണങ്ങൾ കൊണ്ട് വർണ്ണിക്കാനാവുമോയെന്ന് സംശയമാണ്. ഹെലികോപ്റ്റർ ഷോട്ട് പോലെ മനോഹരമായ കൂറ്റൻ സിക്സറുകൾ കൊണ്ട് ഗാലറികളെയും ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ച കൈക്കരുത്തിന് ഉടമയാണ് അദ്ദേഹം.

ശക്തിയും ബുദ്ധിയും ഒരേ പോലെ സമ്മേളിച്ച ഇതിലും മികച്ച മറ്റൊരു ക്രിക്കറ്ററെ തിരഞ്ഞെടുക്കുക തന്നെ ബുദ്ധിമുട്ടാണ്. കട്ടക്കിലെ മൈതാനത്ത് ടീം പ്രതിസന്ധിയിൽ നിൽക്കെ നാലാമനായി ബാറ്റ് വീശാൻ ഇറങ്ങിയ മുൻ നായകന്റെ ഇന്നിംഗ്സ് ഇന്ത്യൻ ടീമിന് പകർന്ന കരുത്ത് ചെറുതല്ല.

22 പന്തിൽ 39 റൺസ് നേടിയ മുൻ ക്യാപ്റ്റൻ നാല് ബൗണ്ടറികളും ഒരു കൂറ്റൻ സിക്സറും പറത്തി. ആവശ്യമായ ഘട്ടത്തിൽ ടീമിന് കരുത്തായി മാറിയ ഇന്നിംഗ്സായിരുന്നു മുൻ നായകന്റേത്.

എന്നാൽ ഇദ്ദേഹം ക്രീസിലെത്തിയ ഉടനേ നടന്ന ഒരു സംഭവം ബോളിംഗ് എന്റിലുണ്ടായിരുന്ന ഓപ്പണർ ലോകേഷ് രാഹുലിനെ വിറപ്പിച്ചു. നിന്ന നിൽപ്പിൽ നിന്ന് ചാടി ഉയർന്ന ലോകേഷ് രാഹുൽ ഗ്രൌണ്ടിൽ നില തെറ്റി വീണു. കാരണം മറ്റൊന്നുമല്ല, മാത്യൂസിനെ ബൗണ്ടറി കടത്തിയ ധോണിയുടെ ഷോട്ടിൽ പന്ത് പാഞ്ഞത് വെടിയുണ്ട പോലെയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ