മൊഹാലി ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നിട്ടും ഓസിസ് ടീം അനായാസം ആ വിജയലക്ഷ്യം മറികടന്നു. അവസാന ഓവറുകളിൽ റൺസ് വിട്ടുനൽകിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. തോൽവിക്ക് പിന്നാലെ വലിയ വിമർശനമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം സമൂഹ മാധ്യമങ്ങളിലടക്കം നേരിടുന്നത്. ഏവരും എടുത്ത് പറയുന്നത് എം.എസ്.ധോണിയെ പോലെ ഒരു താരത്തിന്റെ അഭാവമാണ് ടീമിനെ പരാജയത്തിലേയ്ക്ക് നയിച്ചതെന്നാണ്. ഈ വാദം ശക്തമായി ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരവും സ്‌പിൻ ഇതിഹാസവുമായ ബിഷാൻ സിങ് ബേദിയും.

Also Read: ‘അവനെ വിളി’; പന്ത് പിഴവ് ആവർത്തിച്ചപ്പോൾ ധോണിയെ വിളിയ്ക്കാൻ കോഹ്‌ലിയോട് ആരാധകർ, വീഡിയോ

എം.എസ്.ധോണിയ്ക്ക് വിശ്രമം അനുവദിക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തെ ശക്തമായി വിമർശിക്കുകയാണ് മുൻതാരം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പാതി നായകൻ ഇപ്പോഴും എം.എസ്.ധോണി തന്നെയാണെന്നും ബേദി പറഞ്ഞു. ധോണി ഫീൾഡിലുള്ളപ്പോൾ ഇന്ത്യൻ ടീമിന്റെ തന്ത്രങ്ങൾ മെനയുന്നതിലും ഫീൾഡ് സജ്ജീകരിക്കുന്നതിലും വ്യത്യാസം വ്യക്തമാണെന്ന് ബേദി കൂട്ടിച്ചേർത്തു. വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു താരത്തിന്റെ പ്രതികരണം.

Also Read: സാഹചര്യങ്ങൾ മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; ഇന്ത്യൻ തോൽവിയെ കുറിച്ച് ധവാൻ

“എന്തുകൊണ്ടാണ് ധോണിക്ക് വിശ്രമം അനുവദിച്ചത് എന്നത് നമ്മളെ ഓരോരുത്തരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. മൊഹാലി ഏകദിനത്തിൽ വിക്കറ്റിന് പിന്നിലും, ബാറ്റിങ്ങിലും, ഫീൾഡിങ്ങിലുമെല്ലാം ധോണിയുടെ അഭാവം വ്യക്തമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പാതി നായകനാണ് ധോണി. ടീമിനെ ശാന്തമാക്കുന്ന പ്രധാന ഘടകമാണ് എം.എസ്.ധോണി. വിരാട് കോഹ്‌ലിക്കൊപ്പം ധോണി വേണം. ധോണിയുടെ അഭാവത്തിൽ കോഹ്‌ലി പരുക്കൻ പെരുമാറ്റമാണ് പുറത്തെടുക്കുന്നത്. അത് അത്ര നല്ല ലക്ഷണവുമല്ല,” ബേദി പറഞ്ഞു.

Also Read: ‘കൊലപാതകത്തേക്കാള്‍ വലിയ ക്രൈം’; വികാരഭരിതനായി ധോണി പറയുന്നു

ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽ നടത്തുന്ന പരീക്ഷണങ്ങളേയും ബേദി വിമർശിക്കുന്നുണ്ട്. ലോകകപ്പിന് ഇനിയും രണ്ടിലധികം മാസങ്ങൾ മുന്നിലുണ്ട്. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യൻ ക്രിക്കറ്റിൽ പരീക്ഷണങ്ങൾ തുടരുകയാണ്. അതിന്റെ ആവശ്യമില്ലെന്നും ഇപ്പോൾ കളിക്കുക മാത്രമാണ് വേണ്ടതെന്നും ബേദി അഭിപ്രായപ്പെട്ടു.

Also Read: ‘കോഹ്‌ലിയെ പുറത്താക്കണോ?, വഴിയുണ്ട്’: ഷെയ്ന്‍ വോണ്‍

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങളും സ്വന്തമാക്കിയ ഇന്ത്യയും റാഞ്ചിയിലും മൊഹാലിയിലും പരാജയമറിയുകയായിരുന്നു. 359 റൺസിന്രെ വിജയലക്ഷ്യം ഓസ്ട്രേലിയയ്ക്ക് മുന്നിൽ വയ്ക്കാൻ മൊഹാലിയിൽ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു. എന്നാൽ കോഹ്‌ലിയും സംഘവും പരാജയപ്പെട്ടു. നാളെയാണ് ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ അവസാന മത്സരം. നാളെ ജയിക്കുന്നവർ പരമ്പര സ്വന്തമാക്കും. ലോകകപ്പിന് മുന്നോടിയായുള്ള അവസാന പരമ്പരയാണ് ഇന്ത്യയ്ക്കിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook