ന്യൂഡൽഹി: സീനിയർ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയുടേയും യുവരാജ് സിംഗിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥാനത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗില്ലിയുടെ പരാമര്‍ശങ്ങള്‍. സെലക്ടര്‍മാര്‍ 2019 ലോകകപ്പ് മുന്‍ നിര്‍ത്തി കഴിവുളളവരെ ഉടന്‍ തന്നെ ഇന്ത്യന്‍ ടീമില്‍ എത്തിക്കണമെന്നും ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടു. ധോണിയും, യുവരാജും ടീം ഇന്ത്യയ്ക്ക് ആവശ്യമാണോ എന്ന കാര്യം സെലക്ടര്‍മാര്‍ ആലോചിക്കണമെന്ന് ദ്രാവിഡ് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ഗില്‍ക്രിസ്റ്റും ഇക്കാര്യം സൂചിപ്പിച്ച് രംഗത്തെത്തിയത്.

‘എല്ലാ ടീമുകളും എന്നത് പോലെ ഇന്ത്യൻ ടീമും സന്തുലിതത്വം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ടീം ഇന്ത്യയില്‍ തുടരണമെങ്കില്‍ ധോണിയും യുവരാജും അതിനുളള മാര്‍ഗവും പ്രചോദനവും സ്വയം കണ്ടെത്തണം എങ്കിലും അവരോട് നായകനും സെലക്ടര്‍മാരും ബിസിസിഐയും ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. ധോനിയും യുവരാജും ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കണമെന്നല്ല പറയുന്നത്. എന്നാല്‍ അവരോട് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയും ഏതാനും മാസങ്ങള്‍ക്കകം അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യണം’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.

2019 ലോകകപ്പില്‍ എംഎസ് ധോണിയും യുവരാജ് സിങ്ങും ഇന്ത്യക്ക് വേണ്ടി കളിക്കണോ എന്ന കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നും യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നുമാണ് ടീം മാനേജ്‌മെന്റിനോട് രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെട്ടിരുന്നത്.

‘2019 ലോകകപ്പിനെ ലക്ഷ്യം വെച്ച് ടീം ഇന്ത്യയെ ഒരുക്കണം. ആ ടീമില്‍ മുതിര്‍ന്ന താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും, യുവരാജ് സിംഗും ആവശ്യമാണോ എന്ന കാര്യം സെലക്ടര്‍മാര്‍ ആലോചിക്കണം. ഈ രണ്ട് താരങ്ങളുടെ അടുത്ത രണ്ട് വര്‍ഷം ടീം ഇന്ത്യയിലെ റോള്‍ എന്താണ്. ഇവരെ രണ്ട് പേരേയും ടീമിന് ആവശ്യമുണ്ടോ? അതോ ഇവരില്‍ ഒരാളേയോ ടീമിന് ആവശ്യം? ഇതില്‍ തീരുമാനമെടുക്കേണ്ടത് സെലക്ടര്‍മാരാണ്’ ദ്രാവിഡ് തുറന്നടിച്ചു.

ആറു മാസത്തിനിടയിലോ ഒരു വര്‍ഷത്തിനിടയിലോ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തമെന്നും പുതിയ താരങ്ങളെ പരിഗണിക്കണമോ അതോ ധോണിയേയും യുവരാജിനേയും തന്നെ ആശ്രയിക്കണോ എന്ന കാര്യത്തില്‍ ടീം മാനേജ്മെന്റ് അന്തിമ തീരുമാനമെടുക്കണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ യുവതാരങ്ങളെ പരീക്ഷിക്കണമെന്നും കുല്‍ദീപ് യാദവിനെയും ഋഷഭ് പന്തിനെയും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ