ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി ട്വന്റി മൽസരം കാണികൾക്ക് ആവേശം പകരുന്നതായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. ശിഖർ ധാവന്റെയും സുരേഷ് റെയ്നയുടെയും മികച്ച ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യ ഉയർത്തിയ സ്കോർ കൈപ്പിടിയിൽ ഒതുക്കാനായില്ല. ഇന്ത്യൻ ബോളർമാരുടെ മുന്നിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ മുട്ടുകുത്തി. ജയം ഇന്ത്യയ്ക്കും സ്വന്തമായി. വിരാട് കോഹ്‌ലി ഇല്ലാതെയാണ് ഇന്ത്യ കേപ്ടൗണിൽ മൽസരത്തിനിറങ്ങിയത്. കോഹ്‌ലിയില്ലെങ്കിലും പരിചയ സമ്പന്നനായ മുൻ നായകൻ ധോണി ടീമിൽ ഉണ്ടായിരുന്നു.

എല്ലാ മൽസരങ്ങളിലെയും പോലെ കേപ്ടൗണിൽ നടന്ന മൂന്നാം ട്വന്റി 20 മൽസരത്തിലും ധോണി കളിക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. ഇത് മൈക്ക് സ്റ്റംപ് പിടിച്ചെടുത്തു.

14-ം ഓവറിൽ റെയ്നയായിരുന്നു ബോളിങ്ങിനായി എത്തിയത്. ഓവറിന്റെ നാലാമത്തെ ബോൾ ദക്ഷിണാഫ്രിക്കൻ താരം ക്രിസ്ത്യൻ ജോങ്കർ ബൗണ്ടറി കടത്തി. ഉടൻ തന്നെ റെയ്നയ്ക്ക് ധോണി നിർദ്ദേശം നൽകി. ‘വിക്കറ്റ് ലക്ഷ്യമിട്ട് സ്റ്റംപിന് സ്ട്രെയിറ്റായിട്ട് പന്തെറിയരുത്’ എന്നായിരുന്നു ധോണി ഉറക്കെ വിളിച്ചുപറഞ്ഞത്. ഇതാണ് മൈക്ക് സ്റ്റംപ് പിടിച്ചെടുത്തത്. 5-ാമത്തെ ബോൾ റെയ്ന അങ്ങനെ എറിഞ്ഞാൽ ദക്ഷിണാഫ്രിക്കൻ താരം ബൗണ്ടറി കടത്തുമെന്ന് ധോണിക്ക് ഉറപ്പായിരുന്നു.

എന്നാൽ റെയ്നയാകട്ടെ മുൻ ഇന്ത്യൻ നായകന്റെ വാക്കുകൾക്ക് ചെവി കൊടുത്തില്ല. ധോണി പറഞ്ഞതിന് വിപരീതമായി റെയ്ന ബോളെറിഞ്ഞു. ജോങ്കറിന്റെ പാഡിനെ ലക്ഷ്യമിട്ടെറിഞ്ഞ ബോൾ ദക്ഷിണാഫ്രിക്കൻ താരം ബൗണ്ടറി കടത്തുകയും ചെയ്തു. ധോണിയുടെ വാക്കുകൾ കേൾക്കാതിരുന്ന റെയ്ന അടി ഇരന്നുവാങ്ങുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ