മഹേന്ദ്ര സിങ് ധോണി യുവതാരങ്ങൾക്ക് വഴിമാറി കൊടുക്കണമെന്ന ആവശ്യം ഏറെ നാളുകളായി ഉയരുന്നുണ്ട്. അടുത്തിടെ മുൻ ഇന്ത്യൻ താരങ്ങളായ വിവിഎസ് ലക്ഷ്മണും അജിത് അഗാർക്കറും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ന്യൂസിലൻഡിനെതിരായ രണ്ടാം ടി ട്വന്റി മൽസരത്തിലെ മോശം പ്രകടനത്തെ ചൂണ്ടിക്കാട്ടിയായിരുന്നു താരങ്ങൾ മാഹിക്കെതിരെ വിമർശനം ഉന്നയിച്ചത്. ടി ട്വന്റിയിൽ യുവതാരങ്ങൾക്ക് അവസരം ലഭിക്കാൻ ധോണി മാറിനിൽക്കണമെന്നായിരുന്നു ലക്ഷ്മൺ പറഞ്ഞത്.

ധോണിയെക്കുറിച്ചുളള വിവിഎസ് ലക്ഷ്മണിന്റെ വിമർശനത്തിന് മറുപടി നൽകിയിരിക്കുകയാണ് വിരേന്ദർ സെവാഗ്. ഇന്ത്യ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ധോണിയെ പിന്തുണച്ച് സെവാഗ് സംസാരിച്ചത്. ”ഈ സമയത്ത് ഇന്ത്യൻ ടീമിന് ധോണി ആവശ്യമാണ്. അത് ട്വന്റി ട്വന്റി ആയാലും. യുവതാരങ്ങൾക്ക് വഴി മുടക്കാതെ അദ്ദേഹം കൃത്യമായ സമയത്ത് വിരമിക്കും”. ഇതായിരുന്നു സെവാഗ് പറഞ്ഞത്. ധോണിക്ക് പകരക്കാരനെ കണ്ടെത്താൻ ഇന്ത്യൻ ടീമിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഇതിനുമുൻപ് സെവാഗ് പറഞ്ഞിട്ടുണ്ട്.

ഇത്തവണ ധോണിയെ പിന്തുണച്ചതിനൊപ്പം മാഹിക്ക് ചെറിയൊരു ഉപദേശവും സെവാഗ് നൽകി. ”ടീമിലെ തന്റെ റോൾ എന്താണെന്ന് ധോണി മനസ്സിലാക്കണം. എന്നാല്‍ വലിയ സ്കോർ പിന്തുടരുമ്പോള്‍ തുടക്കത്തിലെ കളി അനുകൂലമാക്കാന്‍ ധോണി ശ്രമിക്കണം. തുടക്കത്തിലെ ബോൾ മുതൽ റൺ നേടാൻ ധോണി ശ്രമിക്കണം. ആദ്യ ബോൾ മുതലേ ഫ്രീയായി കളിക്കാൻ വേണ്ട ധൈര്യം ടീം മാനേജ്മെന്റ് ധോണിക്ക് കൊടുക്കണമെന്നും” സെവാഗ് പറഞ്ഞു.

ന്യൂസിലൻഡിനെതിരായ രണ്ടാം ടി ട്വന്റിയിൽ തുടക്കത്തിലേ റൺ നേടാൻ ധോണിക്ക് കഴിഞ്ഞില്ല. ഇതോടെ ഇന്ത്യയുടെ റൺറേറ്റ് ഉയർന്നു. അവസാനത്തിൽ ധോണി നന്നായി ശ്രമിച്ചെങ്കിലും റൺമല ഉയർത്താനായില്ല. 37 പന്തിൽ നിന്ന് 49 റൺസാണ് ധോണി നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook