റാഞ്ചി: രാജ്യാന്തര ക്രിക്കറ്റിൽ നിന്നും ഇടവേളയിലാണ് മുൻ ഇന്ത്യൻ ടീം നായകൻ കൂടിയായ എം.എസ്.ധോണി. ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ടീം പുറത്തായതിന് പിന്നാലെ പാഡഴിച്ചതാണ് ധോണി. പിന്നീട് സൈനിക സേവനത്തിന് പോയ മുൻനായകന്റെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ധോണി ആരാധകരെ ആവേശത്തിലാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും കായിക രംഗത്ത് ധോണി സജീവമാണ്. സൈനിക സേവനത്തിനിടയിലും ക്രിക്കറ്റും വോളിബോളും കളിക്കുന്ന ധോണിയുടെ ചിത്രങ്ങളും വീഡിയോയും വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ടെന്നീസ് കോർട്ടിലും കരുത്ത് കാട്ടിയിരിക്കുകയാണ് മഹി.

കൺട്രി ക്രിക്കറ്റ് ക്ലബ്ബ് ടെന്നീസ് ടൂർണമെന്റിൽ ധോണി ഉൾപ്പെട്ട ഡബിൾസ് സഖ്യത്തിന് തകർപ്പൻ ജയം. പ്രാദേശിക ടെന്നീസ് താരമായ സുമിത് കുമാറായിരുന്നു മഹിയുടെ സഹകളിക്കാരൻ. ഇരുവരും ചേർന്ന് മൈക്കിൾ-ചാൾസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ: 6-0, 6-0.4

Also Read: കൊല്‍ക്കത്തയില്‍ കളി പറയാന്‍ ധോണി; ഒരു തരത്തിലും നടക്കില്ല, ബിസിസിഐ പറയുന്നത് ഇങ്ങനെ

ധോണിയുടെ മത്സരം കാണുന്നതിനായി നിരവധി ആരാധകരാണ് ജെഎസ്‌സിഎ സ്റ്റേഡിയത്തിലേക്ക് എത്തിയത്. ലോകകപ്പിൽ ഏറെ വിവാദമുണ്ടാക്കിയ ബലിദാൻ ചിഹ്നമുള്ള ടീ ഷർട്ടണിഞ്ഞായിരുന്നു ധോണി ടെന്നീസ് റാക്കറ്റേന്തിയത്. ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന ധോണി ഫുട്ബോൾ, ബാഡ്മിന്റൻ, ടെന്നിസ്, ഗോൾഫ് എന്നീ കളികളിൽ സജീവമാണ്.

അതേസമയം, ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യ തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ആ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ ധോണിയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കമന്റേറ്ററുടെ റോളിലായിരിക്കും ധോണിയെത്തുക എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ധോണിക്ക് കമന്ററി പറയാന്‍ കഴിയില്ല. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റാണ് ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റാവുക.

Also Read: ‘ദ കംപ്ലീറ്റ് ഓൾറൗണ്ടർ’; ക്രിക്കറ്റിൽ വിലക്ക് വന്നതോടെ ഫുട്ബോൾ കളിച്ച് ഷാക്കിബ് അൽ ഹസൻ

മത്സരത്തിന്റെ സംപ്രേക്ഷകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ധോണിയെ കമന്റേറ്ററാക്കാനുള്ള നിർദേശം ബിസിസിഐയ്ക്ക് നല്‍കിയത്. എന്നാല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നല്‍കിയ നിർദേശം ബിസിസിഐ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ നിന്നും പുറത്തായതിന് ശേഷം ധോണി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ക്രിക്കറ്റ് മൈതാനത്തു നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ബിസിസിഐയുമായി കരാറുള്ള താരം തന്നെയാണ് ധോണി. അതിനാല്‍ ധോണിക്ക് കമന്റേറ്ററാകാന്‍ കഴിയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook