എം.എസ്.ധോണിയുടെ ബാറ്റിങ് പൊസിഷന്‍ കുറച്ച് കാലമായി ക്രിക്കറ്റ് ലോകത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലെന്നാണ്. ഇന്നിങ്സ് പടുത്തുയര്‍ത്താന്‍ കൂടുതല്‍ സമയം എടുക്കുന്നതാണ് കാരണം. ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന ഐപിഎല്ലിലും ധോണിയുടെ ബാറ്റിങ് ചര്‍ച്ചയാകുമെന്നുറപ്പാണ്. ക്യാപ്റ്റനായി വീണ്ടും ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ എത്തുന്നതു പോലെ തന്നെ ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ധോണിയ്ക്ക് നിർണായകമാവും ഈ സീസണ്‍.

എന്നാല്‍ ഇത്തവണ കളി മാറുമെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമ്മിങ് പറയുന്നത്. ധോണി ബാറ്റിങ് ഓര്‍ഡറില്‍ മുന്നോട്ട് കയറുമെന്നും അദ്ദേഹം പറയുന്നു. മാച്ച് ഫിനിഷര്‍ എന്ന റോളില്‍ നിന്നും ധോണി മാറുമെന്നും ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മുന്നോട്ട് കയറുമെന്നുമാണ് ഫ്‌ളെമ്മിങ് പറയുന്നത്.

”താരതമ്യേന നേരത്തെ തന്നെ ധോണി ബാറ്റിങ്ങിന് ഇറങ്ങും. കൃത്യമായ ഒരു പൊസിഷന്‍ തീരുമാനിച്ചിട്ടില്ല. സന്ദര്‍ഭം അനുസരിച്ച് ചെയ്യും. പക്ഷെ ബാറ്റ്‌സ്മാന്റെ റോള്‍ കുറേക്കൂടി പ്രാധാന്യത്തോടെ തന്നെ ചെയ്യും. കേദാര്‍ ജാദവിനേയും അമ്പാട്ടി റായിഡുവിനേയും ജഡേജയേയും ടീമിലെടുത്തിട്ടുണ്ട്. അതുകൊണ്ട് മിഡില്‍ ഓര്‍ഡര്‍ ഞങ്ങള്‍ക്ക് എളുപ്പത്തില്‍ പ്ലാന്‍ ചെയ്യാം. ഞങ്ങള്‍ക്ക് ഒരുപാട് ഓപ്ഷന്‍സുണ്ട്,” ഫ്‌ളെമ്മിങ് പറഞ്ഞു.

അതേസമയം, യുവതാരം ശാര്‍ദുള്‍ ഠാക്കൂര്‍ തിളങ്ങുമെന്നും പരിശീലകന്‍ പ്രതീക്ഷിക്കുന്നു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി ശാര്‍ദുള്‍ വളരുമെന്നാണ് ഫ്‌ളെമ്മിങ്ങിന്റെ പ്രതീക്ഷ. കഴിവുള്ള താരമാണ് ശാര്‍ദുള്ളെന്നും എന്നാല്‍ സ്ഥിരത കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook