സെമിയിൽ ന്യൂസിലൻഡിനോട് തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ ലോകകിരീട പ്രതീക്ഷകൾ അവസാനിച്ചു. ഇനി ഇന്ത്യക്ക് മുന്നിലുള്ളത് വിൻഡീസ് പര്യടനമാണ്. എന്നാൽ വിരമിക്കൽ സാധ്യതകൾ സജീവമാക്കി ധോണി വിൻഡീസ് ടൂറിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഓഗസ്റ്റ് മൂന്ന് മുതലാണ് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ടി20 – ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. വെസ്റ്റ് ഇൻഡീസിനെ നേരിടാനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നതിന് ജൂലൈ 17നോ 18നോ സെലക്ഷൻ കമ്മിറ്റി ചേരും. എന്നാൽ ധോണി ടീമിലുണ്ടാകില്ലെന്നാണ് ബിസിസിഐയുടെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ ലോകകപ്പിന് മുമ്പ് നടന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ ടി20 ടീമിൽ നിന്ന് ധോണിയെ ഒഴിവാക്കിയിരുന്നു. പകരം യുവതാരം ഋഷഭ് പന്താണ് വിക്കറ്റിന് പിന്നിൽ ഗ്ലൗസണിഞ്ഞത്. 2020ൽ ടി20 ലോകകപ്പ് കൂടി ഉണ്ടെന്നിരിക്കെ വിക്കറ്റിന് പിന്നിൽ പുതിയ താരങ്ങളെ പരീക്ഷിക്കാനും പരിശീലിപ്പിക്കാനും ഇന്ത്യക്ക് ഇനിയും സമയമില്ല എന്ന കാര്യം കൂടി കണക്കിലെടുത്തായിരിക്കും ധോണിയെ മാറ്റി നിർത്തുക. ധോണി സ്വയം മാറാനും സാധ്യതകളുണ്ട്.
ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ എല്ലാ കണ്ണുകളും കാതുകളും എം.എസ് ധോണിയിലേക്കാണ്. ലോകകപ്പിന് ശേഷം രാജ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന തരത്തിൽ വാർത്തകൾ നേരത്തെ തന്നെ സജീവമായിരുന്നു. പ്രകടനത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോഴും പരിചയസമ്പത്ത് കൊണ്ടും തിരിച്ചുവരവിലൂടെയും മറുപടി തരാറുള്ള ധോണി ഇനി അതിനുണ്ടാകുമോയെന്ന ആശങ്കയിലാണ് ഓരോ ആരാധകരും.