ക്രിക്കറ്റ് ലോകത്ത് ഒട്ടെറെ ആരാധകരുള്ള താരമാണ് മുൻ നായകൻ എം എസ് ധോണി. ഒരുപക്ഷെ സച്ചിൻ ടെണ്ടുൽക്കറിന് ഉള്ളത് പോലെ തന്നെ പിന്തുണയും ആരാധകരും ധോണിയ്ക്കുമുണ്ട്. ഇന്ത്യയ്ക്ക് ഐസിസിയുടെ മൂന്ന് പ്രധാന കിരീടങ്ങളും സമ്മാനിച്ച നായകന്റെ ജീവിതം സംഭവബഹുലമായിരുന്നു. ക്രിക്കറ്റിന്റെ പടവുകൾ ഒന്നൊന്നായി കീഴടക്കിയും ഇന്ത്യൻ വിജയങ്ങളിലെ പ്രധാന ബുദ്ധികേന്ദ്രമായി നിന്നും ഇന്ന് ധോണി ആരാധകരുടെ തലയാണ്.

Also Read: ‘പറ്റുമെങ്കിൽ പിടിച്ചോ’; ആരാധകനെ വട്ടം ചുറ്റിച്ച് ധോണി, വീഡിയോ

ക്യാപ്റ്റൻ കൂൾ എന്ന പേര് തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ധോണി ഓരോ തവണയും തെളിയിച്ചു. കോഹ്‌ലിയും രോഹിത്തും ഇന്ത്യയുടെ നായക വേശത്തിലെത്തിയപ്പോഴും നിർണായക തീരുമാനങ്ങൾ ധോണി എടുക്കുന്നതായി പതിവ്. ടീമിലെ വല്ല്യേട്ടനാണ് പല താരങ്ങൾക്കും ധോണി. ഏകദിനത്തിൽ പതിനായിരത്തിലധികം റൺസ് പൂർത്തിയാക്കിയ താരത്തിന്റെ ജീവിതം അടിസ്ഥാനമാക്കി നേരത്തെ എം എസ് ധോണി: ദി അൻടോൾഡ് സ്റ്റോറി എന്ന പേരിൽ സിനിമ ഇറങ്ങിയിരുന്നു.

Also Read: ‘ഗിയർ മാറുന്നത് പോലെ’; റൺ ചെയ്‌സിൽ ധോണിയെ പ്രശംസിച്ച് ഓസിസ് താരം

ഇതിന് പിന്നാലെയാണ് നായകന്റെ ജീവിതം പറയുന്ന വെബ് ഡോക്യുമെന്ററിയുമായി ഹോട്സ്റ്റാർ എത്തുന്നത്. സിംഹത്തിന്റെ ഗർജ്ജനം എന്ന് അർത്ഥം വരുന്ന റോർ ഓഫ് ദി ലയൺ എന്ന പേരിലാണ് ഡോക്യുമെന്ററി എത്തുന്നത്. ഡോക്യുമെന്ററിയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

പ്രഥമ ടി20 ലോകകപ്പ് 2007ൽ ഇന്ത്യയ്ക്ക് സമ്മാനിച്ച് കൊണ്ടാണ് ധോണി ഇന്ത്യൻ നായക പട്ടം ഉറപ്പിക്കുന്നത്. 2011ൽ ഏകദിന ലോകകപ്പും 2013ൽ ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കി ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരുടെ പട്ടികയിലേയ്ക്ക് ഉയർന്നു. നായക സ്ഥാനം കോഹ്‌ലിയ്ക്ക് നൽകി വിക്കറ്റിന് പിന്നിലേയ്ക്ക് പോയ ധോണി അവിടെ നിന്ന് തന്ത്രങ്ങൾ മെനഞ്ഞു.

Also Read: ഐസിസി ഏകദിന റാങ്കിങ്ങ്: ഒന്നാം റാങ്കിൽ നാല് ഇന്ത്യക്കാർ

ഡോക്യുമെന്ററിയെ കുറിച്ചുള്ള സിനോപ്സിസിൽ ഇങ്ങനെ പറയുന്നു, ” എംഎസ്ഡി, മഹി, ക്യാപ്റ്റൻ കൂൾ, തല ഇങ്ങനെയൊക്കെയാണ് ഫീൾഡിലും പുറത്തും ലക്ഷകണക്കിന് ആരാധകർ ധോണിയെ വിളിയ്ക്കുന്നത്. ധോണിയുടെ കഥ ഇപ്പോൾ എല്ലാവർക്കും അറിയാം. എന്നാൽ അദ്ദേഹത്തിന് മറ്റൊരു കഥ പറയാനുണ്ട്, ധോണിയുടെ അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയാത്ത കഥ. അത് എന്തിനെ കുറിച്ചാകും? ഒരു കായിക താരമെന്ന നിലയിൽ, ക്രിക്കറ്ററെന്ന നിലയിൽ, നായകനെന്ന നിലയിൽ, ഭർത്താവെന്ന നിലയിൽ അച്ഛനെന്ന നിലയിൽ കടന്നുപോയ ശ്രമകരമായ അവസ്ഥയെ കുറിച്ച്? അതോ അതിനും അപ്പുറത്തേയ്ക്കൊ?”

ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്യാപ്റ്റൻ കൂളിന്റെ ആ വെബ് ഡോക്യുമെന്ററിയ്ക്കായി. മാർച്ച് 20നാണ് വെബ് ഡോക്യുമെന്ററി ഹോട്സ്റ്റാറിലെത്തുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ