ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായാണ് സൗരവ് ഗാംഗുലിയെ വിലയിരുത്തുന്നത്. നിരവധി താരങ്ങളുടെ കരിയർ ഗാംഗുലി മാറ്റി മറിച്ചിട്ടുണ്ട്. അതിലൊരാണ് മഹേന്ദ്ര സിങ് ധോണി. 2004 ൽ ഗാംഗുലി ഇന്ത്യൻ ക്യാപ്റ്റനായിരിക്കുമ്പോഴാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ധോണിയിലെ കളിക്കാരനെ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഗാംഗുലി.
”2004 ലാണ് ധോണി ഇന്ത്യൻ ടീമിൽ എത്തുന്നത്. ആദ്യ രണ്ടു മൽസരങ്ങളിലും ഏഴാമനായിട്ടാണ് ധോണി ഇറങ്ങിയത്. പാക്കിസ്ഥാനതിരായ മൽസരത്തിനുളള ടീം പ്രഖ്യാപിച്ചപ്പോഴും ധോണിയുടെ സ്ഥാനം ഏഴായിരുന്നു”, ഗാംഗുലി പറഞ്ഞു.
”എന്റെ റൂമിലിരുന്ന് ഞാൻ വാർത്ത കാണുകയായിരുന്നു. ധോണിയിലെ കളിക്കാരനെ ലോകത്തിനു കാണിച്ചുകൊടുക്കുന്നതെങ്ങനെയെന്ന ചിന്തയായിരുന്നു എനിക്കപ്പോൾ. ധോണിയുടെ ഉളളിൽ മികച്ചൊരു കളിക്കാരനുണ്ടെന്നും ഇന്ത്യൻ ടീമിലെ തന്നെ മികച്ച കളിക്കാരനായി മാറാനുളള കഴിവ് ധോണിക്കുണ്ടെന്നും എനിക്ക് അറിയാമായിരുന്നു”.
”അടുത്ത ദിവസം ഞങ്ങൾക്ക് ടോസ് കിട്ടിയപ്പോൾ ധോണിയെ മൂന്നാമനായി ഇറക്കാൻ ഞാൻ തീരുമാനിച്ചു. അതിന്റെ മേൽ എന്തു സംഭവിച്ചാലും നേരിടാമെന്ന് ഞാൻ തീരുമാനിച്ചു”, ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യൻസ് പരമ്പരയിൽ ഗാംഗുലി വെളിപ്പെടുത്തി.
”ഈ സമയം ധോണി വെറുതെ അവിടെ ഇരിക്കുകയായിരുന്നു. താൻ ഇറങ്ങേണ്ടത് ഏഴാമതാണെന്ന് അറിയാവുന്നതുകൊണ്ട് ധോണി ബാറ്റിങ്ങിന് ഒരുങ്ങിയിരുന്നില്ല. ഞാൻ ധോണിയോട് പറഞ്ഞു, ‘എംഎസ് നീ മൂന്നാമനായി ബാറ്റ് ചെയ്യൂ?’ അപ്പോൾ ധോണി തിരിച്ച് എന്നോട് ‘ഞാൻ എപ്പോഴാണ് ഇറങ്ങുകയെന്ന്’ ചോദിച്ചു. ‘ഞാൻ നാലാമനായി ഇറങ്ങിക്കോളാം, നീ മൂന്നാമനായി ഇറങ്ങൂ’വെന്ന് ഞാൻ മറുപടി കൊടുത്തു”.
ഗാംഗുലിയുടെ അന്നത്തെ തീരുമാനം ശരിയായിരുന്നു. മൂന്നാമനായി ഇറങ്ങിയ ധോണി തന്റെ ഉളളിലെ കളിക്കാരനെ ലോകത്തിനു കാണിച്ചുകൊടുത്തു. പാക്കിസ്ഥാൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച് ധോണി അടിച്ചു കൂട്ടിയത് 148 റൺസ്. 15 ഫോറുകളും 4 സിക്സുകളും ഉൾപ്പെടുന്നതായിരുന്നു ധോണിയുടെ ഇന്നിങ്സ്. മൽസരം ഇന്ത്യ 58 റൺസിന് വിജയിക്കുകയും ധോണി മാൻ ഓഫ് ദി മാച്ച് ആവുകയും ചെയ്തു.