നായകനെന്ന നിലയിൽ മഹേന്ദ്ര സിങ് ധോണി ഭാഗ്യവാനാണെന്നാണ് ഗൗതം ഗംഭീർ അഭിപ്രായപ്പെടുന്നത്. കാരണം സൗരവ് ഗാംഗുലിയുടെ കഠിനാധ്വാനമാണ് ധോണിയുടെ നേട്ടങ്ങളിലേക്ക് നയിച്ചതെന്നായിരുന്നു ഗംഭീറിന്റെ വാദം. എന്നാൽ നിശ്ചിത ഓവർ ക്രിക്കറ്റിൽ ഗാംഗുലിയേക്കാൾ മികച്ച നായകൻ ധോണി തന്നെയാണെന്നാണ് ഗംഭീർ പറയുന്നത്.
“വൈറ്റ് ബോൾ ക്രിക്കറ്റിൽ സൗരവ് ഗാംഗുലിയേക്കാൾ മികച്ച ക്യാപ്റ്റനായിരുന്നു എം.എസ്.ധോണി, പ്രത്യേകിച്ചും ട്രോഫികളെക്കുറിച്ച് മാത്രം പറഞ്ഞാൽ. ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ഏകദിന ലോകകപ്പ് – ഇതെല്ലാം ധോണി നേടിയതിനാൽ ഐസിസി ടൂർണമെന്റുകളിൽ വിജയിക്കാൻ മറ്റൊന്നുമില്ല,” ഗംഭീർ പറഞ്ഞു.
Also Read: ധോണിയുമായി ഒത്തുപോകാൻ സാധിക്കാത്ത ഒരാൾ ലോക ക്രിക്കറ്റിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല: സ്മിത്ത്
സ്റ്റാർ സ്‌പോർട്‌സി’ന്റെ ‘ക്രിക്കറ്റ് കണക്റ്റ്’ ഷോയിൽ സംസാരിക്കുകയായിരുന്നു ഗംഭീർ “എല്ലാ ഫോർമാറ്റിലും അതിശയകരമായ ഒരു ടീമിനെ ലഭിച്ചതിനാൽ ധോണി വളരെ ഭാഗ്യവാനായ ക്യാപ്റ്റനാണ്,” ഗംഭീർ പറഞ്ഞു.
Also Read: അഫ്‌ഗാനിസ്ഥാൻ ലോകകപ്പ് നേടിയതിന് ശേഷമേ വിവാഹം ചെയ്യൂ: റാഷിദ് ഖാൻ
സച്ചിൻ ടെൻഡുൽക്കർ, യുവരാജ് സിങ്ങ്, വിരേന്ദർ സെവാഗ്, യൂസഫ് പത്താൻ, വിരാട് കോഹ്‌ലി എന്നിവരും താനും അടക്കമുള്ള കളിക്കാർ ഉണ്ടായിരുന്നതിനാൽ 2011 ലോകകപ്പ് ടീമിനെ നയിക്കുന്നത് ധോണിക്ക് വളരെ എളുപ്പമായിരുന്നുവെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു. ഇതിനായി ഗാംഗുലിക്ക് വളരെയധികം പരിശ്രമിക്കേണ്ടിവന്നു, അതിന്റെ ഫലമായാണ് ധോണി നിരവധി ട്രോഫികൾ നേടിയതെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
Also Read: കഷ്ടപ്പെട്ടത് ഗാംഗുലി, ധോണിയുടേത് ഭാഗ്യം; എല്ലാ നേട്ടങ്ങൾക്കും കാരണം അന്നത്തെ മികച്ച ടീമെന്ന് ഗംഭീർ
“ടെസ്റ്റ് ക്രിക്കറ്റിൽ ധോണി ഇത്രയും വിജയകരമായ ക്യാപ്റ്റനാകാൻ കാരണം സഹീർ ഖാനാണ്. ധോണിക്ക് ലഭിച്ച ഒരു വലിയ അനുഗ്രഹമായിരുന്നു അദ്ദേഹം, അതിനുള്ള ബഹുമതി ഗാംഗുലിക്ക് ആണ്. എന്റെ അഭിപ്രായത്തിൽ സഹീർ ഇന്ത്യയിലെ ഏറ്റവും മികച്ച ലോകോത്തര ബോളറാണ്,” അദ്ദേഹം പറഞ്ഞു.