കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യ തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ആ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ ധോണിയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കമന്റേറ്ററുടെ റോളിലായിരിക്കും ധോണിയെത്തുക എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ധോണിക്ക് കമന്ററി പറയാന്‍ കഴിയില്ല. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റാണ് ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റാവുക.

മത്സരത്തിന്റെ സംപ്രേക്ഷകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ധോണിയെ കമന്റേറ്ററാക്കാനുള്ള നിർദേശം ബിസിസിഐയ്ക്ക് നല്‍കിയത്. എന്നാല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നല്‍കിയ നിർദേശം ബിസിസിഐ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ നിന്നും പുറത്തായതിന് ശേഷം ധോണി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ക്രിക്കറ്റ് മൈതാനത്തു നിന്നും വിട്ടുനില്‍ക്കുകയാണ് താരം. എന്നാല്‍ ഇപ്പോഴും ധോണി ബിസിസിഐയുമായി കരാറുള്ള താരം തന്നെയാണ്. അതിനാല്‍ ധോണിക്ക് കമന്റേറ്ററാകാന്‍ കഴിയില്ല.

”ധോണിക്ക് കമന്റേറ്ററാകാന്‍ ഒരു തരത്തിലും സാധിക്കില്ല” എന്ന് താരവുമായി അടുത്ത ബന്ധമുള്ള ഒരാള്‍ പറഞ്ഞതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ ധോണി കമന്റേറ്ററായാല്‍ അത് കോണ്‍ഫ്‌ളിക്റ്റ് ഓഫ് ഇന്ററസ്റ്റിനും വഴി തെളിക്കും. നിയമപ്രകാരം ഒന്നിലധികം പദവി വഹിക്കാന്‍ സാധിക്കില്ല.

ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായത് മുതല്‍ എം.എസ്.ധോണിയുടെ ഭാവി ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. താരം ഇതുവരെ തന്റെ വിരമിക്കല്‍ സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേസമയം, മുഖ്യ സെലക്ടര്‍ എം.എസ്.കെ.പ്രസാദിന്റെ വാക്കുകള്‍ പ്രകാരം, ഇന്ത്യ ധോണിയില്‍ നിന്നും മുന്നോട്ട് പോയിരിക്കുകയാണ്. ഋഷഭ് പന്തിനെ ഒന്നാം ചോയ്‌സ് വിക്കറ്റ് കീപ്പറായി ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook