ഐപിഎൽ പതിനൊന്നാം സീസണിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പർ കിങ്സ് കിരീടം നേടിയത്. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 179 റൺസ് വിജയ ലക്ഷ്യം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 9 പന്തുകൾ ശേഷിക്കെയാണ് ചെന്നൈ മറികടന്നത്. ഷെയ്ൻ വാട്സണിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഹൈദരാബാദിനെ തകർത്തത്.

അത്രയും സമ്മര്‍ദ്ദത്തോടെയാണ് ആരാധകരും ക്രിക്കറ്റ് താരങ്ങളും ഫൈനല്‍ മൽസരത്തിനായി ഒരുങ്ങിയത്. എന്നാല്‍ കളി തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി ഉളളപ്പോഴും ഒരാള്‍ മാത്രം കൂളായിരുന്നു. മറ്റാരുമല്ല, ചെന്നൈ സൂപ്പർ കിങ്സ് നായകന്‍ മഹേന്ദ്ര സിങ് ധോണി. ടോസിനായി ഇരു ടീമിന്റേയും ക്യാപ്റ്റന്മാര്‍ മൈതാനത്തെത്തിയപ്പോഴാണ് സംഭവം. സഞ്ജയ് മജ്രേക്കറാണ് മേല്‍നോട്ടം വഹിക്കുന്നത്. എം.എസ്.ധോണി ഇട്ട ടോസില്‍ ഹെഡാണ് വീണത്. എന്നാല്‍ ആരാണ് ഹെഡ് വിളിച്ചതെന്ന് മജ്രേക്കറിന് ഉറപ്പ് പോരായിരുന്നു.

അതുകൊണ്ട് തന്നെ ധോണിയോട് അദ്ദേഹം ആരാണ് ഹെഡ് വിളിച്ചതെന്ന് ചോദിച്ചു. കെയിന്‍ വില്യംസണിനെ ചൂണ്ടി ‘അദ്ദേഹം ടെയില്‍ ആണ് വിളിച്ചത്’ എന്ന് ധോണി പറഞ്ഞു. എന്നാല്‍ ആശയക്കുഴപ്പത്തിലായ മജ്രേക്കര്‍ വീണ്ടും ആരാണ് ഹെഡ് വിളിച്ചതെന്ന് ചോദിച്ചു. ‘അദ്ദേഹം ടെയില്‍ ആണ് വിളിച്ചത്’ എന്ന് ധോണി വീണ്ടും പറഞ്ഞു.

സംഭാഷണം ഇങ്ങനെ-

മജ്രേക്കര്‍: നിങ്ങള്‍ ഹെഡാണ് വിളിച്ചത്?
ധോണി: അല്ല, അദ്ദേഹമാണ് ടെയില്‍ വിളിച്ചത്
മജ്രേക്കര്‍: അതെ, നിങ്ങളാണ് ഹെഡ് വിളിച്ചത്
ധോണി: അല്ല, അദ്ദേഹമാണ് ടൈല്‍സ് വിളിച്ചത്

ആകെ കണ്‍ഫ്യൂഷനിലായ മജ്രേക്കര്‍ ധോണിയോട് നിങ്ങള്‍ക്ക് അല്ലേ ടോസ് ലഭിച്ചതെന്ന് വീണ്ടും ചോദിച്ച് കളി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പത്ര സമ്മേളനങ്ങളിൽ ഉരുളയ്ക്ക് ഉപ്പേരി പറയുന്ന ധോണിയെ നമ്മള്‍ മുമ്പും കണ്ടിട്ടുണ്ട്. മുതിര്‍ന്ന താരം ഹര്‍ഭജന്‍ സിങ്ങിനെ വേണ്ടത്ര രീതിയില്‍ ഉപയോഗിച്ചില്ലെന്നും പന്തെറിയാന്‍ അവസരം നല്‍കിയില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം കഴിഞ്ഞ ദിവസമാണ് മികച്ച മറുപടി നല്‍കിയത്.

”എന്റെ ഗ്യാരേജില്‍ ഒരുപാട് ബൈക്കുകളും കാറുകളുമുണ്ട്. എല്ലാം ഞാന്‍ ഒരുമിച്ച് ഓടിക്കാറില്ല. ആറ് ബോളര്‍മാര്‍ കൈയ്യിലുണ്ടാകുമ്പോള്‍ സാഹചര്യം നോക്കേണ്ടി വരും. ആര്‍ക്കാണ് ബാറ്റ് ചെയ്യാന്‍ കൂടി പറ്റുകയെന്നും ആരെയാണ് സാഹചര്യം ആവശ്യപ്പെടുന്നതെന്നും നോക്കേണ്ടി വരും,” ധോണി പറഞ്ഞു.

‘നേരത്തെ ഞങ്ങളുടെ ടീമില്‍ നേഗിയും ജഡേജയുമുണ്ടായിരുന്നു. അവര്‍ക്ക് രണ്ട് പേര്‍ക്കും വ്യത്യസ്തമായ ബോളിങ് സ്ലോട്ടുകളായിരുന്നു നല്‍കിയിരുന്നത്. ചിലപ്പോള്‍ ബാറ്റ്‌സ്മാന്മാരുടെ പിഴവിന് ബോളര്‍മാര്‍ ചീത്ത കേള്‍ക്കേണ്ടി വരുമായിരുന്നു. അതുകൊണ്ട് തന്നെ ഓരോരുത്തരേയും എങ്ങനെ കളിപ്പിക്കണം എന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്. ബോളര്‍ എന്ന രീതിയില്‍ മാത്രമാണോ അതോ അതിനപ്പുറം എന്തെങ്കിലും സാഹചര്യം ആവശ്യപ്പെടുന്നുണ്ടോ എന്ന് പരിഗണിച്ചാണ് തീരുമാനം എടുത്തിരുന്നത്,” ധോണി വ്യക്തമാക്കുന്നു.

വാട്സണിന്റെ മികവിലായിരുന്നു ചെന്നൈ വിജയിച്ചത്. സീസണിലെ രണ്ടാം സെഞ്ചുറിയാണ് വാട്സന്റേത്. 51 പന്തിലാണ് വാട്സൺ സെഞ്ചുറി തികച്ചത്. 57 പന്തിൽ 11 ഫോറുകളും എട്ട് കൂറ്റൻ സിക്സറുമടിച്ച വാട്സൺ 117 റൺസുമായി പുറത്താകാതെ നിന്നു. ചെന്നൈക്ക് വേണ്ടി സുരേഷ് റെയ്ന 32 റൺസെടുത്തു പുറത്തായി. വാട്സണൊപ്പം 13 റൺസെടുത്ത അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ആറുവിക്കറ്റ് നഷ്ടത്തിൽ 178 റൺസാണെടുത്തത്. ടോസ് നേടിയ ചെന്നൈ ക്യാപ്ടൻ എം.എസ്.ധോണി ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. യൂസഫ് പഠാന്റെയും കെയ്ൻ വില്യംസണിന്റെയും പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്കോർ സമ്മാനിച്ചത്.

വില്യംസൺ 36 പന്തിൽ 47 ഉം പഠാൻ 25 പന്തിൽ 45 ഉം റൺസെടുത്തു. അവസാന ഓവറുകളിൽ ബ്രാത്‌വെയ്റ്റിന്റെ ആളിക്കത്തലാണ് ഹൈദരാബാദിനെ 178 ൽ എത്തിച്ചത്. ചെന്നൈക്ക് വേണ്ടി ബോൾ ചെയ്തവരിൽ ദീപക് ചാഹറും ലുങ്കി എൻഗിഡിയും പിശുക്ക് കാട്ടിയപ്പോൾ ജഡേജയും ബ്രാവോയും ഹൈദരാബാദ് ബാറ്റ്സ്മാന്മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞു. വില്യംസണെ പുറത്താക്കാൻ ക്യാപ്റ്റൻ ധോണി നടത്തിയ മിന്നൽ സ്റ്റംപിങ് നിർണായകമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ