scorecardresearch
Latest News

സകല’തല’ ; ശാസ്ത്രി എത്തിയില്ല, കാത്തു നില്‍ക്കാതെ ഇന്ത്യയുടെ പരിശീലകനായി ധോണി

രവിശാസ്ത്രി എത്തും വരെ കാത്തു നില്‍ക്കാനൊന്നും ധോണിയ്ക്കും സംഘത്തിനും സാധിക്കില്ലായിരുന്നു. അതുകൊണ്ട് അവര്‍ പരിശീലനം നേരത്തേ തന്നെ ആരംഭിച്ചു.

ദുബായ്: ദുബായില്‍ ഏഷ്യാ കപ്പ് ആരവങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ തന്നെ ഇത്തവണ പ്രകടനം തീപാറുന്നതായിരിക്കുമെന്ന് ബംഗ്ലാദേശ് തെളിയിച്ചു. രണ്ടാം കളിയില്‍ വിയര്‍ക്കാതെ ജയിച്ച് പാക്കിസ്ഥാനും കരുത്ത് വ്യക്തമാക്കി. ഇന്ന് ശ്രീലങ്കയും ഹോങ്കോങ്ങും വിജയ പാതയിലേക്ക് തിരികെ വരാനായി ശ്രമിക്കും. നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പരിശീലനത്തിന്റെ തിരക്കിലാണ് ഇന്ത്യയിപ്പോള്‍.

ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനത്തിനായതിനാല്‍ രണ്ട് സംഘമായാണ് ടീം ദുബായിലെത്തിയത്. ആദ്യ സംഘത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലില്ലാതിരുന്ന രോഹിത് ശര്‍മ്മയും, എം.എസ്.ധോണിയുമടങ്ങിയ സംഘമാണ് ഏഷ്യാ കപ്പ് വേദിയിലെത്തിയത്. പിന്നാലെ രവി ശാസ്ത്രിയും മറ്റ് താരങ്ങളുമെത്തി. ഇന്നലെയായിരുന്നു ഈ സംഘമെത്തിയത്. എന്നാല്‍ രവിശാസ്ത്രി എത്തുംവരെ കാത്തു നില്‍ക്കാനൊന്നും ധോണിയ്ക്കും സംഘത്തിനും സാധിക്കില്ലായിരുന്നു. അതുകൊണ്ട് അവര്‍ പരിശീലനം നേരത്തേ തന്നെ ആരംഭിച്ചു.

രവി ശാസ്ത്രിയുടെ അഭാവത്തില്‍ ധോണിയാണ് പരിശീലകന്റെ റോളിലെത്തിയത്. ഇന്ത്യന്‍ ടീമിന് നെറ്റ്‌സില്‍ പന്തെറിയാനെത്തിയ യുവ താരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതും ധോണിയാണ്. ഇതാദ്യമായല്ല ഇതുപോലൊരു സംഭവമുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രവി ശാസ്ത്രിയില്ലാതെ വിന്‍ഡീസില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിനെ ധോണിയും യുവരാജും ചേര്‍ന്ന് നിയന്ത്രിച്ചിരുന്നു.

വിരാട് കോഹ്‌ലിയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുന്നതിനാല്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ ഏഷ്യാ കപ്പില്‍ നയിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തില്‍ നിന്നും ടീമിനെ തിരികെ കൊണ്ടു വരിക എന്ന ലക്ഷ്യവുമായാണ് പരിശീലകന്‍ രവി ശാസ്ത്രിയെത്തിയിരിക്കുന്നത്. ഹോങ്കോങ്ങാണ് ഇന്ത്യയുടെ ആദ്യ എതിരാളി. പിന്നാലെ പാക്കിസ്ഥാനേയും നേരിടും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ms dhoni trains team india in ravi shastris absent

Best of Express