പരിമിത ഓവർ മത്സരങ്ങളിൽ ഇന്ത്യൻ ദേശീയ ടീമിലേക്ക് കയറിപ്പറ്റാൻ അവസരം തിരയുന്ന രവീന്ദ്ര ജഡേജ അടവുമാറ്റുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ മുന്നിൽക്കണ്ടാണ് താരം തന്റെ സ്ഥിരം ശൈലിയിൽ മാറ്റം വരുത്തുന്നത്. മികച്ച ഓൾറൗണ്ടറായ രവിചന്ദ്ര ജഡേജയ്ക്ക് ഇതിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നതാകട്ടെ മഹേന്ദ്ര സിംഗ് ധോണിയും.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റ് ചെയ്യാൻ കൂടുതൽ അവസരം ലഭിക്കുമെന്നാണ് ധോണി, ജഡേജയോട് പറഞ്ഞത്. ഇതിനാൽ തന്നെ ബോളിംഗിന് പുറമേ ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ ശ്രമം. സ്പിൻ ബോളിംഗിനും മികച്ച ബാറ്റിംഗിനും പേരെടുത്താൽ പരിമിത ഓവർ ക്രിക്കറ്റ് ടീമിലേക്ക് ജഡേജയ്ക്ക് തിരികെയെത്താൻ സാധിക്കുമെന്നാണ് മുൻ നായകന്റെ കണക്കുകൂട്ടൽ.

വിജയ് ഹസാരെ ട്രോഫിയിൽ ഇതുവരെ ജഡേജയുടെ ബോളിംഗ് പ്രകടനം അത്ര മികവുറ്റതല്ല. പക്ഷെ ബോളിംഗിൽ ശ്രദ്ധ കുറച്ച താരം ഈ സമയം ബാറ്റിംഗിൽ ചുവടുറപ്പിക്കാനുള്ള തീരുമാനത്തിലാണ്. ഇതേക്കുറിച്ച് ജഡേജ തന്നെ പറഞ്ഞതിങ്ങനെ. “എനിക്ക് ഇത്തവണത്തെ ഐപിഎല്ലിൽ ബാറ്റിംഗിൽ കൂടുതൽ അവസരം ലഭിക്കുമെന്നാണ് മാഹി ഭായി എന്നോട് പറഞ്ഞത്. അദ്ദേഹം പറയുന്നത് ഞാനൊരു മികച്ച ബാറ്റ്സ്മാനാണെന്നും ബാറ്റിംഗിൽ ഇനിയും ശ്രദ്ധിക്കണമെന്നുമാണ്. അതിനാൽ ഞാൻ ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു”, സൗരാഷ്ട്ര താരം പറഞ്ഞു.

ഇത്തവണത്തെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ധോണിക്കൊപ്പം നിലനിർത്തിയ താരമാണ് രവീന്ദ്ര ജഡേജ. “എനിക്ക് വളരെയേറെ ആത്മവിശ്വാസം നൽകിയ തീരുമാനമായിരുന്നു അത്. ബാറ്റിംഗിലെ കുന്തമുനയാകാനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ. അതുകൊണ്ടുതന്നെ ബാറ്റിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്”, അദ്ദേഹം വ്യക്തമാക്കി.

“ഇപ്പോഴത്തെ ബോളിംഗ് പ്രകടനത്തിൽ ഞാൻ സംതൃപ്തനാണ്. വെറും 20 റൺസ് മാത്രം നേടുന്ന താരമാകാൻ എനിക്ക് താത്പര്യമില്ല. ബാറ്റിംഗിൽ നിർണ്ണായക സ്വാധീനമാകാൻ സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ട്. അതിനുളള പരിശ്രമത്തിലാണ്”, ജഡേജ വ്യക്തമാക്കി.

ലോകകപ്പ് 16 മാസം മാത്രം മുന്നിൽ നിൽക്കേ ബോളിംഗിലും ചില പരീക്ഷണങ്ങൾ താരം നടത്തുന്നുണ്ട്. ബോളിംഗിന്റെ വേഗതയിൽ മാറ്റം വരുത്തി വിവിധ ആംഗിളുകൾ പരീക്ഷിക്കുകയാണ് താരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook