ന്യൂഡൽഹി: ജോഗീന്ദർ ശർമ്മയെ അധികമാരും മറക്കാൻ ഇടയില്ല. പ്രഥമ ട്വന്റി ട്വന്റി ലോകകപ്പിന്റെ ഫൈനലിൽ ശ്രീശാന്തിന്റെ കൈകളിൽ മിസ്ബാഹ് ഉൾ ഹഖിനെ എത്തിച്ച ബൗളർ. ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുനയൊന്നും അല്ലാതിരുന്നിട്ടും അന്ന് ജോഗീന്ദർ ശർമ്മയെ പന്തേൽപ്പിച്ചത് ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിംഗ് ധോണിയെന്ന ഒറ്റയാളുടെ തീരുമാനമായിരുന്നു.

പ്രഥമ ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിൽ കപ്പ് നേടുമെന്ന് ഏറ്റവും കുറവ് മാത്രം പ്രതീക്ഷിക്കപ്പെട്ട രാജ്യമായിരുന്നു. വെറും യുവനിര. ഓരോ മത്സരവും കഴിയും തോറും ഇന്ത്യൻ ക്യാംപ് കൂടുതൽ കരുത്ത് നേടി, അതിൽ യുവരാജിന്റെ ഒരിക്കലും മറക്കാത്ത ആറ് സിക്സറുകളും ഇടംപിടിച്ചു.

ഒടുവിൽ ഫൈനലിലെത്തിയപ്പോൾ ചിരവൈരികളായ പാക്കിസ്ഥാനായിരുന്നു എതിർസ്ഥാനത്ത്. ഇഞ്ചോടിഞ്ച് വാശിയേറിയ മത്സരം മുന്നോട്ട് പോയപ്പോൾ അവസാന ഓവറിൽ ഇന്ത്യയുടെ ലക്ഷ്യം ഒരു വിക്കറ്റ്. പാക്കിസ്ഥാന് വേണ്ടിയിരുന്നത് 13 റൺസും.

“അന്ന് ധോണി എന്നോട് പറഞ്ഞ ഏറ്റവും നല്ല വാചകം അതായിരുന്നു. നീ ഒന്നുകൊണ്ടും ഭയക്കേണ്ട, തോറ്റാൽ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തുകൊള്ളാം. റിലാക്സ് ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഏറ്റവും നന്നായി പന്തെറിയാൻ പറഞ്ഞ ധോണി, ഒരു റണ്ണിന്റെ മാർജിനായാലും ജയിക്കാമെന്ന് പറഞ്ഞു.” ജോഗീന്ദർ ശർമ്മ ആ ദിവസത്തെ കുറിച്ച് ഓർത്തെടുത്തു.

ആദ്യ പന്തിൽ സിംഗിളും രണ്ടാം പന്തിൽ സിക്സുമടിച്ച് പാക് ബാറ്റ്സ്മാന്മാർ ഇന്ത്യൻ ബൗളറെ സമ്മർദ്ദത്തിലാക്കിയെങ്കിലും മൂന്നാം പന്തിൽ മിസ്ബായെ ശ്രീശാന്തിന്റെ കൈകളിലെത്തിച്ച് ജോഗീന്ദർ ക്യാപ്റ്റന്റെ പ്രതീക്ഷ കാത്തു.

“മൂന്നാം പന്തെറിയാൻ പോകുമ്പോൾ ധോണി അടുത്തു വന്നു. റിലാക്സ് ചെയ്യാൻ ആവശ്യപ്പെട്ടു. വേഗത കുറച്ച് പന്തെറിയാനായിരുന്നു എന്റെ ശ്രമം. അതാണ് ഫലം ചെയ്തത്. രാജ്യം മുഴുവൻ ആ ആനന്ദം അലയടിച്ചു”, ജോഗീന്ദർ ശർമ്മ ക്രിക്ബസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഫൈനലിൽ അഞ്ച് റൺസിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ഹരിയാന പൊലീസിൽ ഡിസിപിയാണ് ഇപ്പോൾ ജോഗീന്ദർ ശർമ്മ. ഇന്ത്യൻ എ ടീമും സീനിയർ ടീമും തമ്മിൽ നടന്ന മത്സരത്തിൽ വൻമതിൽ രാഹുൽ ദ്രാവിഡിനെയും വിവിഎസ് ലക്ഷ്മണിനെയും പുറത്താക്കിയതോടെയാണ് ജോഗീന്ദർ ശർമ്മ സെലക്ടർമാരുടെ കണ്ണിൽ ഇടംപിടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ