എം.എസ്.ധോണിയുടെ വിരമിക്കൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദ്. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് എം.എസ്.കെ.പ്രസാദ് പറഞ്ഞു. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വാർത്തകളൊന്നും ഇല്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും എം.എസ്.കെ.പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച ശേഷമാണ് എം.എസ്.കെ.പ്രസാദ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ഇതിഹാസ താരവുമായ മഹേന്ദ്ര സിങ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇന്ന് വൈകീട്ട് ഏഴിന് ധോണി വാർത്താസമ്മേളനം വിളിച്ചതായും വാർത്തകൾ പുറത്തുവന്നു. വാർത്താസമ്മേളനം വിളിച്ച കാര്യം പുറത്തുവന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ പ്രധാന ചർച്ചാ വിഷയം ധോണിയുടെ വിരമിക്കലിനെ കുറിച്ചാണ്. വിരമിക്കൽ പ്രഖ്യാപനം നടത്താനാണ് വാർത്താസമ്മേളനമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

ധോണി വാർത്താസമ്മേളനം വിളിച്ചു എന്ന വാർത്തകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ അടക്കം വളരെ വൈകാരികമായ പ്രതികരണങ്ങളാണ് ഉണ്ടായത്. ധോണി വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന ആശങ്കയിലാണ് ആരാധകർ. ധോണി വിരമിച്ചാൽ പിന്നീട് ക്രിക്കറ്റ് തന്നെ കാണുന്നത് നിർത്തുമെന്ന് പല ആരാധകരും ട്വീറ്റ് ചെയ്തിട്ടുണ്ട്. വിരമിക്കൽ തീരുമാനമുണ്ടാകരുത് എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നതായി മറ്റ് ചിലർ ട്വീറ്റ് ചെയ്തു.

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. ധോണിയെ കുറിച്ചുള്ള ഓർമയാണ് കോഹ്‌ലി ഇന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്.  എം.എസ്.ധോണി തന്നെ ഒരു ഫിറ്റ്നസ് ടെസ്റ്റിലേത് പോലെ ഇട്ട് ഓടിച്ച മത്സരത്തിന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook