എം എസ് ധോണിയുടെ അന്താരാഷ്ട്ര കരിയറിലെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അദ്ദേഹം തന്നെ വിരാമം ഇട്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് ഇതിഹാസത്തിന് ആദരവ് അര്‍പ്പിച്ചു കൊണ്ട് അനവധി ക്രിക്കറ്റ് താരങ്ങളാണ് എത്തുന്നത്. ധോണിയുടെ സഹ കളിക്കാരനും ഇന്ത്യയുടെ സ്പിന്നറുമായ ആര് അശ്വിനും അത്തരമൊന്ന് തന്റെ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ചു.
ഓസ്ട്രേലിയയില്‍ വച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ധോണി പ്രഖ്യാപനം നടത്തിയ ദിവസത്തെ കുറിച്ചാണ് അശ്വിന് ഓര്‍ത്തെടുക്കുന്നത്. ക്യാപ്റ്റന്‍ കൂള്‍ എന്ന് അറിയപ്പെടുന്ന ധോണി ശാന്തത കൈവരിക്കാന്‍ പരാജയപ്പെട്ടുവെന്നും തീരുമാനശേഷം ധോണി കരഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് റെയ്ന, ഇശാന്ത് ശര്‍മ്മ എന്നിവരും ഈ സമയത്ത് ധോണിക്കൊപ്പം ഉണ്ടായിരുന്നു.
2014-ല്‍ മെല്‍ബണ്‍ ടെസ്റ്റിലാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ആ മത്സരത്തില്‍ ഇന്ത്യ തോറ്റു. അന്നേ ദിവസം വൈകുന്നേരം ധോണിയുടെ മുറിയില്‍ ഇശാന്തും റെയ്നയും അശ്വിനും ഇരിക്കുമ്പോഴാണ് ധോണി കരഞ്ഞത്. അദ്ദേഹം ആ രാത്രി മുഴുവന്‍ ടെസ്റ്റ് മത്സരത്തിലെ ജഴ്സി അണിഞ്ഞിരുന്നുവെന്നും അശ്വിന് പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിങ്സില്‍ ധോണിക്കൊപ്പം കളിച്ചശേഷം തന്റെ നേതൃപരമായ കഴിവുകള്‍ വികസിച്ചുവെന്ന് അശ്വിന് പറഞ്ഞു.
Read Also: വാങ്കഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് സിക്സ് പതിച്ച സീറ്റ് ധോണിക്ക് സമര്‍പ്പിക്കുന്നു
“ചെപ്പോക്കില്‍ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തില്‍ നെറ്റ് പ്രാക്ടീസ് ചെയ്തിരുന്ന ഇന്ത്യന്‍ ടീമിന് പന്തെറിഞ്ഞു കൊടുക്കാന്‍ എത്തിയപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. പിന്നീട് 2008-ല്‍ ചെന്നൈ സൂപ്പര്‍ കിങ്സില്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചു. ധാരാളം പഠിച്ചു. നേരത്തെ ഞാന്‍ അദ്ദേഹത്തെ കാണുമ്പോള്‍ നീണ്ട തലമുടി ഉണ്ടായിരുന്നു. പക്ഷേ, ടീമില്‍ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചപ്പോഴാണ് എത്ര മാത്രം പക്വതയുള്ള നേതാവാണ് അദ്ദേഹമെന്ന് മനസ്സിലായത്,” അദ്ദേഹം പറഞ്ഞു.
തന്റെ കരിയറിന്റെ തുടക്കത്തില്‍ ധോണിയില്‍ നിന്നും ലഭിച്ച ആരോഗ്യകരമായ ഉപദേശത്തെ കുറിച്ചും ഇപ്പോഴും അത് പിന്തുടരുന്നതിനെ കുറിച്ചും അശ്വിന് പറഞ്ഞു.
“2010-ലെ ചാമ്പ്യന്‍സ് ലീഗില്‍ വച്ച് അദ്ദേഹം എന്നെ ഒരു പ്രധാനപ്പെട്ട പാഠം പഠിപ്പിച്ചു. വിക്ടോറിയ ബുഷ് റേഞ്ചേഴ്സിന് (മത്സരത്തില്‍ സൂപ്പര്‍ കിങ്സ് തോറ്റു) എതിരെ സൂപ്പര്‍ ഓവര്‍ ഞാന്‍ എറിഞ്ഞു. സമര്‍ദ്ദത്തിന് അടിപ്പെട്ട് നിങ്ങള്‍ നിങ്ങളുടെ ഏറ്റവും മികച്ച പന്ത് എറിഞ്ഞില്ല. നിങ്ങള്‍ക്ക് പന്ത് ലഭിച്ചു. നിങ്ങള്‍ അത് കൂടുതലായി ഉപയോഗിക്കണം, ധോണി എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു.”
“ഞാന്‍ വളരെ പുതുമകള്‍ കണ്ടെത്തുന്ന ആളാണെന്നും കഴിവുള്ള ആളാണെന്നും കളിയിലെ ഈ വശം തേച്ചു മിനുക്കി കൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആ ഉപദേശം ഞാനിപ്പോഴും പാലിക്കുന്നു,” അശ്വിന് പറഞ്ഞു.
Read in English: MS Dhoni wore his jersey entire night, shed few tears after Test retirement: R Ashwin