മികച്ച ക്രിക്കറ്റ് കളിക്കാരനെന്ന പോലെ ഒരു ഉത്തമ ഭർത്താവ് കൂടിയാണ് മഹേന്ദ്ര സിങ് ധോണി. 2010 ലായിരുന്നു ധോണിയും സാക്ഷിയും തമ്മിലുളള വിവാഹം. ധോണിയുടെ ക്രിക്കറ്റ് കരിയറിൽ താങ്ങും തണലുമായി അന്നു മുതൽ സാക്ഷി ഒപ്പമുണ്ട്. ധോണിയുടെ ദാമ്പത്യ ജീവിത രഹസ്യം എന്തെന്നു ചോദിക്കുന്നവർക്ക് മറുപടി നൽകിയിരിക്കുകയാണ് എം.എസ്.ധോണി.
Read Also: ധോണി അത് പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ സെഞ്ചുറി അടിച്ചേനെ: ഗൗതം ഗംഭീര്‍
ചെന്നൈയിൽ നടന്നൊരു പരിപാടിയിലാണ് ധോണി തന്റെ ദാമ്പത്യ രഹസ്യം വെളിപ്പെടുത്തിയത്. ”ഞാൻ അവൾ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ എന്റെ ഭാര്യയെ ഞാൻ അനുവദിക്കാറുണ്ട്. കാരണം എന്റെ ഭാര്യ സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാകും” ധോണി പറഞ്ഞു. എല്ലാ പുരുഷന്മാരും വിവാഹത്തിന് മുമ്പ് സിംഹങ്ങളെപ്പോലെയാണെന്നും ധോണി തമാശരൂപേണ പറഞ്ഞു. ഇൻസ്റ്റഗ്രാമിലെ ധോണിയുടെ ഫാൻ പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രായം കൂടുംതോറും ബന്ധങ്ങളുടെ ശക്തി കൂടുമെന്നും ധോണി അഭിപ്രായപ്പെട്ടു. ”55 വയസ് കഴിയുമ്പോഴാണ് വിവാഹത്തിന്റെ യഥാർഥ സാരാംശം മനസിലാകുക. നിങ്ങൾക്ക് 55 വയസ് കഴിഞ്ഞാൽ, അതാണ് പ്രണയിക്കാനുളള യഥാർഥ പ്രായമെന്ന് ഞാൻ പറയും. നിങ്ങളുടെ ദൈനംദിന ദിനചര്യയിൽ നിന്ന് അൽപം അകന്നുപോകുന്നത് അവിടെയാണ്, ധോണി പറഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ ലോകകപ്പിന്റെ സെമിഫൈനലിൽനിന്നും ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിനുശേഷം ധോണി ടീമിന്റെ ഭാഗമായിട്ടില്ല. രണ്ടു മാസം ബ്രേക്ക് എടുത്ത ധോണി പിന്നീട് നാലു മാസത്തേക്ക് നീട്ടി. ധോണിയുടെ വിടവാങ്ങലും മടങ്ങിവരവും സംബന്ധിച്ച് നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ധോണി ഇനി വിടവാങ്ങൽ പരമ്പര മാത്രമേ താരം കളിക്കൂവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം, താരം ഇതുവരെ തന്റെ വിരമിക്കല്‍ സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ധോണിയില്ലാതെ ഇതിനോടകം മൂന്നു പരമ്പരകൾ ഇന്ത്യ പൂർത്തിയാക്കിക്കഴിഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരെ അവരുടെ നാട്ടിലും ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും ഇന്ത്യയിലുമാണ് ടീം നേരിട്ടത്.