എന്തു കൊണ്ടാണ് മഹേന്ദ്രസിങ് ധോണിയെ ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന് വിളിക്കുന്നത് എന്നതിനുള്ള ഉദാഹരണമായിരുന്നു ഇന്നലെ പല്ലേക്കലെ സ്റ്റേഡിയത്തിൽ ഉണ്ടായത്. ഏകദിന മത്സരത്തിനിടെ അവസരം കിട്ടിയാല്‍ വേണമെങ്കിൽ കിടന്നുറങ്ങാമെന്ന് തെളിയിച്ചിരിക്കുകയാണ് ധോണി. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെയായിരുന്നു ധോണിക്ക് മാത്രം കഴിയുന്ന കുട്ടിയുറക്കം.

ടീമിന്റെ തുടരെത്തുടരെയുള്ള തോല്‍വിയില്‍ ക്ഷുഭിതരായ ലങ്കന്‍ ആരാധകര്‍ മത്സരം തടസ്സപ്പെടുത്തിയത് അരമണിക്കൂറോളം. പല്ലേക്കലെ സ്റ്റേഡിയത്തിലെ മൂന്നാം ഏകദിനം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കാണികള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. ഇന്ത്യയുടെ പരമ്പര വിജയത്തിന് എട്ട് റണ്‍സ് മാത്രം ശേഷിക്കേ സ്ഥിതി നിയന്ത്രണാതീതമാകുകയായിരുന്നു.

തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ മുതല്‍ കാണികള്‍ കൂക്കുവിളിയും ആക്രോശവും തുടങ്ങി. തുടര്‍ന്ന് കാണികള്‍ ബൗണ്ടറി ലൈനിനടുത്തേക്കെത്തി. കൂക്കുവിളിയും ആക്രോശവും കുപ്പിയേറിന് വഴി മാറി. ഗ്രൗണ്ട് സ്റ്റാഫ് ഓടി നടന്ന് കുപ്പികള്‍ പെറുക്കിയെങ്കിലും കാണികള്‍ കുപ്പിയേറ് തുടര്‍ന്നു. സ്വന്തം ആരാധകരുടെ ഏറ് സഹിക്കാന്‍ കഴിയാനാവാതെ വന്നതോടെ ലങ്കന്‍ താരങ്ങള്‍ കളി നിര്‍ത്തി മൈതാനമധ്യത്തിലേത്ത് നീങ്ങി. ഈ തക്കത്തിന് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി മൈതാനത്ത് ബാറ്റിങ് വേഷത്തില്‍ കിടന്നുറങ്ങുകയായിരുന്നു.

ധോണിക്ക് മാത്രം സാധിക്കുന്ന കാര്യം എന്നായിരുന്നു കമന്റേറ്റേഴ്സ് മൈതാന മധ്യത്തിലെ ഉറക്കത്തെ വിശേഷിപ്പിച്ചത്. ധോണിയുടെ ഉറക്കത്തിന്റെ വിഡിയോ കാണാം:

ശ്രീലങ്ക ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ 61 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു. ഇതിന് ശേഷം ഒത്തുകൂടിയ ധോണിയും (67) രോഹിത് ശര്‍മ്മയും (124) ചേര്‍ന്നാണ് ഇന്ത്യക്ക് ജയവും പരമ്പരയും സമ്മാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ