ന്യൂഡല്‍ഹി: സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതു മുതല്‍ നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണ് എം.എസ്.ധോണിയുടെ ഭാവിയെ കുറിച്ച്. ധോണി വീണ്ടും ക്രിക്കറ്റില്‍ സജീവമാകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴായി ഗാംഗുലിയോട് ചോദിച്ചിട്ടുണ്ട്. 2020 ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ എം.എസ്.ധോണി കളിക്കുമോ എന്നാണ് ഇത്തവണ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയേണ്ടത്. ഇതേ കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഗാംഗുലിയോട് ചോദിക്കുകയും ചെയ്തു. ടി-20 ലോകകപ്പില്‍ കളിക്കുമോ എന്ന ചോദ്യം ധോണിയോട് തന്നെ ചോദിക്കൂ എന്നാണ് ഗാംഗുലി ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കിയത്.

എം.എസ്.ധോണിയുടെ ഭാവിയെ കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ വ്യക്തത കുറവില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എം.എസ്.ധോണിയുടെ ഭാവിയെ കുറിച്ച് ആലോചിക്കാൻ സമയമുണ്ടെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ കാര്യങ്ങളിലും വ്യക്തതയുണ്ടാകുമെന്നും സൗരവ് ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

Read Also: ഫോണ്‍ വിളിക്ക് വലിയ വില കൊടുക്കേണ്ടി വരും; കോള്‍ നിരക്ക് കുത്തനെ കൂട്ടി വോഡഫോണും എയർടെല്ലും

2020 ലെ ഐപിഎല്‍ സീസണോടെ ധോണിയുടെ ഭാവിയെ കുറിച്ച് വ്യക്തത ലഭിക്കുമെന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗാംഗുലി. “സമയമുണ്ട്, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് കാണാം. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ എല്ലാറ്റിനും ഒരു തീരുമാനമാകും.” ഗാംഗുലി പറഞ്ഞു.

“ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് എന്ത് തീരുമാനമെടുക്കണമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീമിന് വ്യക്തതയുണ്ട്. ചില കാര്യങ്ങള്‍ പൊതു സദസില്‍ പറയാന്‍ സാധിക്കില്ല. സമയമാകുമ്പോള്‍ നിങ്ങള്‍ എല്ലാം കൃത്യമായി അറിയും. ക്രിക്കറ്റ് ബോര്‍ഡിനും സെലക്ടര്‍മാര്‍ക്കും ഇടയില്‍ ധോണി വിഷയത്തെ കുറിച്ച് സുതാര്യതയുണ്ട്. ചില കാര്യങ്ങള്‍ വളരെ രഹസ്യമായി വേണം ആലോചിക്കാനും ചര്‍ച്ച ചെയ്യാനും. സമയമാകുമ്പോള്‍ എല്ലാം വെളിവാക്കപ്പെടും. എക്കാലത്തും ഇന്ത്യയുടെ മികച്ച കായിക താരമാണ് എം.എസ്.ധോണി” ഗാംഗുലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook