കിങ്സ് ഇലവൻ പഞ്ചാബിനെതിരെ നേടിയ പത്ത് വിക്കറ്റ് ജയത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ചെന്നൈ സൂപ്പർ കിങ്സ് അതേ മികവ് കൊൽക്കത്തയ്ക്കെതിരെയും ആവർത്തിക്കുന്നതാണ് അബുദാബിയിൽ കണ്ടത്. ഒയിൻ മോർഗനും ആന്ദ്രെ റസലുമെല്ലാം അടങ്ങുന്ന കൊൽക്കത്തൻ ബാറ്റിങ് നിരയെ 167 റൺസിലൊതുക്കിയ ചെന്നൈ ബോളിങ്ങിലും ഫീൽഡിങ്ങിലും മികച്ചു നിന്നു. ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിക്കുന്ന ഫീൽഡിങ് പ്രകടനമായിരുന്നു ചെന്നൈയുടേത്. കുറച്ച് ദിവസം മുമ്പ് വരെ ഏറെ പഴിക്കേട്ട ചെന്നൈയുടെ ഫീൽഡിങ് ഡിപ്പാർട്മെന്റ് സടകുടഞ്ഞെഴുന്നേറ്റ മത്സരത്തിൽ നായകൻ ധോണിയുടെ സൂപ്പർ മാൻ ക്യാച്ച് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു.

മുൻനിരയെ തകർത്ത ചെന്നൈക്ക് വാലറ്റത്തെ പുറത്താക്കുക വളരെ എളുപ്പമായിരുന്നു. ശിവം മവിയെന്ന യുവതാരത്തെ പുറത്താക്കാൻ ധോണിയെടുത്ത ക്യാച്ചാണ് ചെന്നൈ ആരാധകരുടെയും ക്രിക്കറ്റ് ആരാധകരുടെയും ഇപ്പോഴത്തെ ചർച്ച വിഷയം. ബ്രാവോയുടെ ഫുൾ ലെങ്ത് പന്ത് മവിയുടെ ബാറ്റിൽ എഡ്ജ് ചെയ്ത് ധോണിയുടെ വലതുവശത്തേക്ക്.

Also Read: സഞ്ജു സാംസൺ നിരാശപ്പെടുത്തുന്നു; മലയാളി താരത്തിനു പാളുന്നത് എവിടെ ?

ഒരു റണ്ണിന്റെ പോലും പ്രാധാന്യം നന്നായി അറിയാവുന്ന ചെന്നൈ നായകൻ ഒറ്റകയ്യിൽ പന്ത് തടഞ്ഞു. ഇടത്തെകയ്യിൽ മാത്രം ഗ്ലൗ ധരിച്ചായിരുന്നു താരം പന്തിന് നേരെ ഡൈവ് ചെയ്തത്. ധോണിക്ക് പിഴച്ചില്ല. ആദ്യ ശ്രമത്തിൽ പന്ത് തടഞ്ഞ ധോണി രണ്ടാം കുതിപ്പിൽ പന്ത് കൈപ്പിടിയിലാക്കുകയും ചെയ്തു. പ്രിയപ്പെട്ട ബ്രാവോയ്ക്ക് പിറന്നാൾ സമ്മാനവും.

ഇതോടെ ആരാധക കൂട്ടായ്മകളും സാമൂഹ്യ മാധ്യമങ്ങളും ഉണർന്നു. പ്രായത്തിന്റെ പേരിൽ ചെന്നൈയെയും ധോണിയെയും പഴിച്ചിരുന്നവർക്ക് വ്യക്തമായ മറുപടി. പ്രായം കൂടും തോറും വീര്യവും കൂടുമെന്ന് തെളിയിക്കുന്ന ധോണിയും സംഘവും ഒരിക്കൽ കൂടി അതിന് അടിവരയിട്ടു. മൂന്ന് വിക്കറ്റാണ് മത്സരത്തിൽ ബ്രാവോ സ്വന്തം അക്കൗണ്ടിൽ എഴുതി ചേർത്തത്.

Also Read: ഇതൊക്കെ വളരെ സിംപിൾ; ത്രസിപ്പിച്ച് പൊള്ളാർഡിന്റെ ഉഗ്രൻ ക്യാച്ച്, സച്ചിന്റെ അഭിനന്ദനം, വീഡിയോ

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 167 സ്കോർ ചെയ്തത്. മുൻ നിരയും മധ്യനിരയും ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ മത്സരത്തിൽ കൊൽക്കത്തയ്ക്കുവേണ്ടി രാഹുൽ ത്രിപാഠി നടത്തിയ പ്രകടനമാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook