ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം എസ് ധോണിയാണ് ട്വിറ്ററിലെ പുതിയ സംസാരവിഷയം. റിഷഭ് പന്തിന്റെ ഇൻസ്റ്റാഗ്രാം ലൈവിൽ ‘പെട്ടതോടെയാണ്’ ഇത്. പന്ത് രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് തുടങ്ങിയവരോടൊപ്പം ലൈവ് പോകുന്നതിനിടയിലാണ് അതിൽ ധോണി പ്രത്യക്ഷപ്പെട്ടത്.
അപ്രതീക്ഷിതമായി പന്ത് ധോണിയെ ലൈവിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇത് രോഹിത്തിലും സൂര്യകുമാറിലും ആകാംക്ഷയുണർത്തി എന്നാൽ ധോണി അപ്പോൾ തന്നെ ഫോണും ഓഫാക്കി സ്ഥലം കാലിയാക്കുകയായിരുന്നു.
ധോണി പോകുന്നതിന് മുൻപ് പന്ത്, ‘ധോണി ഭയ്യാ ലൈവിൽ നിക്കു’ എന്ന് പറയുന്നുണ്ടായിരുന്നു. എന്നാൽ ഇത് കേട്ടയുടനെ ധോണി ഫോണിന്റെ ക്യാമറ മറയ്ക്കുകയായിരുന്നു.
ഈയിടെ ഇന്ത്യൻ – ഇംഗ്ലണ്ട് രണ്ടാം ടി20 നടന്നുകൊണ്ടിരിക്കെ ധോണി ഇന്ത്യൻ ഡ്രസിങ് റൂമിൽ എത്തിയിരുന്നു. ഇഷാൻ കിഷന് ഒപ്പം നിന്ന് സംസാരിക്കുന്ന ധോണിയുടെ ദൃശ്യങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം, ക്യാപ്റ്റൻ രോഹിത് ശർമ, ദിനേഷ് കാർത്തിക്, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, രവിചന്ദ്രൻ അശ്വിൻ, റിഷഭ് പന്ത് അടക്കമുള്ളവർ ഇന്നലെ വെസ്റ്റ് ഇൻഡീസിലെത്തി. ജൂലൈ 29 മുതൽ ഓഗസ്റ്റ് ഏഴ് വരെ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായാണ് ഇവർ കരീബിയനിൽ എത്തിയത്.
ആദ്യ മത്സരം ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിലും തുടർന്ന് മറ്റ് രണ്ട് മത്സരങ്ങളും സെന്റ് കിറ്റ്‌സിലെ വാർണർ പാർക്കിലുമാണ് നടക്കുക. ഫ്ലോറിഡയിലെ സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയം ടർഫ് ഗ്രൗണ്ടിൽ നടക്കുന്ന അവസാന രണ്ട് മത്സരങ്ങളോടെ പരമ്പര അവസാനിക്കും.