ന്യൂഡൽഹി: മഹേന്ദ്ര സിംഗ് ധോണിക്ക് നിലവിലെ ബാറ്റിംഗ് ഓർഡറിൽ നിന്ന് മാറ്റം ആവശ്യമാണെന്ന് വീരേന്ദർ സെവാഗ്. ഏറ്റവും സ്വതന്ത്രമായി ബാറ്റ് വീശാൻ കഴിവുളള താരമാണ് ധോണി. അദ്ദേഹത്തെ ബാറ്റിംഗ് ഓർഡറിൽ മുകളിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“അദ്ദേഹത്തിന് ഇപ്പോഴും സ്വതന്ത്രമായി ബാറ്റ് വീശാൻ സാധിക്കുമെന്നത് എനിക്ക് ഏറെ സന്തോഷം നൽകാറുണ്ട്. അഗ്രസീവ് ബാറ്റിംഗ് ശൈലിയിലൂടെയാണ് ഇന്ത്യൻ ടീമിലേക്ക് ധോണി എത്തിയത്. ക്യാപ്റ്റന്റെ ചുമതല ഏറ്റെടുത്തതോടെ അദ്ദേഹം കൂടുതൽ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശാൻ തുടങ്ങി. അദ്ദേഹത്തിലിപ്പോഴും ആ ആക്രമണ ശൈലിയുണ്ട്. അത് പുറത്തെടുക്കേണ്ടത് ആവശ്യമാണ്”, സെവാഗ് പറഞ്ഞു.

നാലാം നമ്പർ ബാറ്റ്സ്മാനായി ധോണിയെ രംഗത്ത് ഇറക്കണമെന്നാണ് വീരേന്ദർ സെവാഗിന്റെ ആവശ്യം. “ഇന്ത്യയുടെ മധ്യനിരയിൽ ഇനിയും വളരാനുണ്ട്. ഈ സാഹചര്യത്തിൽ ധോണിക്ക് മധ്യനിരയിൽ സ്ഥാനമാറ്റം ആവശ്യമാണ്. ധോണി മുകളിലേക്ക് കയറി വന്ന് വിക്കറ്റ് നഷ്ടപ്പെട്ടാൽ ഫിനിഷിംഗ് സ്പോട്ടിൽ ആരുമുണ്ടാവില്ലെന്ന പേടിയാണ് കോഹ്ലിക്ക് എന്നാണ് എനിക്ക് തോന്നുന്നത്. ധോണിയെ മുകളിലേക്ക് കയറ്റി ഫിനിഷറുടെ സ്ഥാനം മനീഷ് പാണ്ഡെ, ഹർദ്ദിക് പാണ്ഡെ, കേദാർ ജാദവ് എന്നിവരിൽ ആരെയെങ്കിലും ഏൽപ്പിക്കണം”, സെവാഗ് പറഞ്ഞു.

കളിക്കളത്തിൽ കാട്ടുന്ന രോഷപ്രകടനവും നായകനെന്ന നിലയിലുളള പ്രകടനവും പരാമർശിച്ച് കോഹ്‌ലി മുൻ നായകൻ സൗരവ് ഗാംഗുലിയുടെ അപ്ഡേറ്റഡ് വേർഷൻ ആണെന്ന് വീരേന്ദർ സെവാഗ് പറഞ്ഞു. “കോഹ്‌ലിയുടെ രോഷം ഗാംഗുലിയുടേതുമായി താരതമ്യം ചെയ്യാം. വിദേശപര്യടനങ്ങളിൽ ഗാംഗുലിയുടെ നായകത്വത്തിന് കീഴിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ഇതാണ് കോഹ്ലിയുടെ നായകത്വത്തിന് കീഴിലും സംഭവിക്കുന്നത്”, സെവാഗ് വ്യക്തമാക്കി.

നായകനെന്ന നിലയിൽ കോഹ്ലിയുടെ പ്രകടനത്തെ പ്രകീർത്തിച്ച സെവാഗ് പക്ഷെ മുൻ നായകന്മാരുമായി താരതമ്യം ചെയ്യാൻ കൂടുതൽ സമയം വേണമെന്നും പറഞ്ഞു. “പരമ്പര വിജയങ്ങൾ വച്ച് നോക്കിയാൽ കോഹ്ലിയാണ് ഇതുവരെയുളള മികച്ച ക്യാപ്റ്റൻ. പക്ഷെ നമ്മൾ അദ്ദേഹത്തെ മുൻ നായകരുമായി ഇപ്പോൾ വിലയിരുത്തരുത്. മുൻ നായകരുടെ മികവിനൊപ്പം എത്താൻ അദ്ദേഹത്തിന് കൂടുതൽ സമയം ആവശ്യമാണ്”, സെവാഗ് ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook